|
ന്യൂ കാസില്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തന്നെ അതിവിപുലമായി ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ന്യൂകാസിലെ ക്രാംലിങ്ടണില്‍ സേജ്ഹില്‍ കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 11 മണിക്ക് പരിപാടികള്‍ ആരംഭിച്ചു. നന്ദകുമാര്‍ പതാക ഉയര്‍ത്തുകയും, തുടര്‍ന്ന് നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള മാതാപിതാക്കളായ രാമചന്ദ്രകുറുപ്പ്, രാജലക്ഷ്മി, രാമകൃഷ്ണന്‍, ജലജ എന്നിവരോടൊപ്പം നന്ദകുമാര്‍, സോമന്‍ നാരായണന്‍, ശ്രീകൃഷ്ണ വേഷത്തില്‍ പകര്‍ന്നാട്ടം നടത്തിയ ഗൗരിനാഥ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ജന്മാഷ്ടമി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ട്, ഉണ്ണിക്കണ്ണന്മാരുടെയും കുഞ്ഞ് രാധമാരുടെയും ആബാലവൃദ്ധം ജനങ്ങളുടെയും നേതൃത്വത്തില്‍ മുത്തുക്കുടകളുടെയും നാമജപങ്ങളുടെയും അകമ്പടിയോടുകൂടി ശോഭാ യാത്ര നടത്തി. തുടര്‍ന്ന് സോപാന സംഗീതജ്ഞന്‍ രാമചന്ദ്രകുറുപ്പ് രാമമംഗലം സോപാന സംഗീതം നടത്തുകയും അത് ഏവര്‍ക്കും ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സമാജത്തിന്റെ വനിതാ വിഭാഗം, പാര്‍വതി കപലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ തിരുവാതിരയും ഓണപൂക്കളം, ഉറിയടി, നാമജപം, കീര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കായുള്ള രസകരമായ കളികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിങ്ങനെ വൈവിധ്യങ്ങള്‍ ആയിട്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ശ്രീകൃഷ്ണ ജന്മാഷ്ടമിയെ കുറിച്ചും സനാതന ധര്‍മ്മത്തെ കുറിച്ചും വിനീത് പ്രഭാഷണം നടത്തി. ശ്രീകൃഷ്ണ വേഷത്തില്‍ പകര്‍നാട്ടം നടത്തിയ ഗൗരിനാഥ് ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ഹാളില്‍ തയ്യാറാക്കിയ ഓണപ്പൂക്കളം മനോഹരമായിരുന്നു.
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജത്തിന്റെ സഹകരണത്തോടു കൂടി സംഘടിപ്പിച്ച ഈ പരിപാടിയില്‍ പങ്കെടുത്ത ഏവരോടും ന്യൂ കാസില്‍ ഹിന്ദു സമാജത്തിന് വേണ്ടി നന്ദി രേഖപ്പെടുത്തി. പങ്കെടുത്ത ഏവര്‍ക്കും ഭക്തിനിര്‍ഭരമായ ഒരു നവ്യാനുഭവം ആയി തീര്‍ന്നു ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് സംഘടിപ്പിക്കുന്ന നവരാത്രി പൂജയില്‍ ഏവരും പങ്കെടുക്കണമെന്ന് തീരുമാനത്തോടുകൂടി പരിപാടികള്‍ സമാപിച്ചു. |