|
തൃശൂര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി (95) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50-നാണ് വിടവാങ്ങിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ചുദിവസമായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശ്ശേരി രൂപത ബിഷപ്പ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച മാര്‍ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതല്‍ കാച്ചേരിയിലെ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
1930 ഡിസംബര്‍ 13-ന് പാലാ രൂപതയിലെ വിളക്കുമഠം ഇടവകയിലാണ് മാര്‍ ജേക്കബ് തൂങ്കുഴി ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ താമരശ്ശേരി രൂപതയിലെ തിരുവമ്പാടി ഇടവകയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയിലാണ്. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലും റോമിലെ അര്‍ബന്‍ കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വൈദിക പഠനം. 1956 ഡിസംബര്‍ 22-ന് റോമില്‍ വെച്ച് അദ്ദേഹം വൈദികനായി അഭിഷിക്തനായി. പൗരോഹിത്യ സ്വീകരണത്തിനു ശേഷം റോമില്‍ പഠനം തുടര്‍ന്ന അദ്ദേഹം ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍, സിവില്‍ നിയമങ്ങളില്‍ ഡോക്ടറേറ്റ് നേടി. |