നവംബര്‍ 22-ന് സൗത്താംപ്ടണ്‍ വേദിക് സൊസൈറ്റി ടെംപിള്‍ ഹാളില്‍ നടന്ന പൂജയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. മൂന്ന് മണിക്ക് ഗണപതി പൂജയോടെ തുടങ്ങിയ അയ്യപ്പ പൂജ ഭക്തര്‍ക്ക് ആഴത്തിലുള്ള ആത്മീയാനുഭവമായി. 'സ്വാമി ശരണം' എന്ന ഭക്തിനാദം നിറഞ്ഞ അന്തരീക്ഷത്തില്‍ നിരവധി കുടുംബങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു. ഈ വര്‍ഷത്തെ പൂജയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകമായത് സദാനന്ദന്‍ നയിച്ച തത്വമസി ഭജന സംഘം അവതരിപ്പിച്ച ഭജനയായിരുന്നു. ഭക്തിഗാനങ്ങള്‍ ചടങ്ങിന് ദൈവികമായ ഭാവം നല്‍കി, പങ്കെടുത്തവരെ ആത്മീയതയില്‍ കൂടുതല്‍ ലയിപ്പിച്ചു. പൂജയുടെ കാര്‍മ്മികത്വം ശ്രീകാന്ത് നമ്പൂതിരി വഹിച്ചു. ചടങ്ങുകളുടെ ഭാഗമായി അര്‍ച്ചന, അഭിഷേകം, അയ്യപ്പ നാമജപം, പടിപൂജ, ഹരിവരാസനം എന്നിവയും നടന്നു. വേദിക് സൊസൈറ്റി ടെംപിളിന്റെ ശാന്തവും ദൈവികവുമായ അന്തരീക്ഷം ചടങ്ങിന്റെ ആത്മീയഗൗരവം വര്‍ദ്ധിപ്പിച്ചു. ചടങ്ങിന്റെ മുഖ്യാതിഥികള്‍ ആയി സൗത്താംപ്ടണ്‍ എം പി സത്വിര്‍ കൌര്‍, ലോര്‍ഡ് മേയര്‍ ജെയിംസ് ബെയ്‌ലി വിന്‍ചെസ്റ്റര്‍ മേയര്‍ സുധാകര്‍ അച്വാല്‍, വൈറ്റലി കൗണ്‍സിലര്‍ വിവിയന്‍ അച്വാല്‍ എന്നിവര്‍ സന്നിഹിതരായി. അവോമ ഒരുക്കിയ ആത്മീയ പരിപാടിക്കുള്ള അവരുടെ പിന്തുണയും ആശംസകളും ചടങ്ങിന് പ്രത്യേക ശ്രദ്ധ നേടി. കൂടാതെ കലാ-ആത്മീയ മേഖലയിലെ പ്രമുഖരായ സഞ്ജയ് ചന്ദ്രണ, രാജന്‍ ജോളി, കലാമണ്ഡലം ബാര്‍ബറ വിജയകുമാര്‍, കലാമണ്ഡലം വിജയകുമാര്‍ പ്രത്യേക ക്ഷണിതാക്കള്‍ ആയി ചടങ്ങില്‍ പങ്കുചേര്‍ന്നു. അവരുടെ സാന്നിധ്യം പരിപാടിക്ക് കൂടുതല്‍ കലാഭാവനയും ആത്മീയ ഗൗരവവും നല്‍കി. ആത്മയുടെ പ്രസിഡന്റ് മിനി, സെക്രട്ടറി സ്മിത എന്നിവര്‍ പങ്കെടുത്ത എല്ലാവര്‍ക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹാശംസകള്‍ നേരുകയും സംഘടനയുടെ വരാനിരിക്കുന്ന ആത്മീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പങ്കുവെക്കുകയും ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം ഭക്തര്‍ക്കായി ഒരുക്കിയ അന്നദാനം എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. ചടങ്ങ് വിജയകരമാക്കാന്‍ സഹായിച്ച ആത്മയുടെ പ്രവര്‍ത്തകര്‍ക്കും ഭക്തര്‍ക്കും അവര്‍ നന്ദി അറിയിച്ചു. ആത്മ സംഘടിപ്പിച്ച ഈ വര്‍ഷത്തെ അയ്യപ്പ പൂജ ഐക്യത്തിന്റെയും ഭക്തിയുടെയും സമുദായബന്ധങ്ങളുടെ മനോഹരമായ സംഗമമായി മാറി.