|
കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം മറ്റൊരു രോഗം കൂടി ഭീതിവിതയ്ക്കുകയാണ്. ആഗോളതലത്തില്‍ തന്നെ ഭീകരനായി കരുതിപ്പോരുന്ന നിപ്പ വൈറസ് ഈ വേനല്‍ക്കാലത്ത് കേരളത്തിലെത്തുമ്പോള്‍ അതുണ്ടാക്കിയ സാമൂഹിക അരക്ഷിതാവസ്ഥയും ചെറുതല്ല.
എന്നാല്‍ അത്തരം ഭയങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ നിങ്ങളെ ഒരു വിധത്തിലും സഹായിക്കാനാവില്ല. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് അതിന് ഏറ്റവും നല്ല വഴി. ആ വഴിയെ പോയില്ലെങ്കില്‍ രോഗം നിങ്ങളെയും നിങ്ങള്‍ക്ക് ചുറ്റുമുളളവരെയും കീഴ്‌പ്പെടുത്തും. അതിനാല്‍ തന്നെ രോഗിയാകാതിരിക്കാന്‍ പ്രായോഗികമായ വഴികള്‍ തേടണം.
നിപ്പ വൈറസ് ചരിത്രം
രണ്ട് പതിറ്റാണ്ട് മുന്‍പ് മലേഷ്യയിലായിരുന്നു ഈ രോഗം കണ്ടെത്തുന്നത്. മലേഷ്യ കടുത്ത വരള്‍ച്ചയെ നേരിട്ട 1997 ല്‍ മൃഗങ്ങളും പക്ഷികളും വെളളം തേടി നാടുകളിലേക്ക് ചെക്കേറി. ഇതിന് പിന്നാലെ മലേഷ്യയിലെ പന്നി ഫാമുകളില്‍ അജ്ഞാതമായ രോഗം പിടികൂടി. പന്നികള്‍ കൂട്ടമായി ചത്തൊടുങ്ങിയതിന് പിന്നാലെ മനുഷ്യരെയും ഇത് വിഴുങ്ങി.
നൂറിലേറെ പേര്‍ രോഗം ബാധിച്ച് മരിച്ചു. മറ്റ് നൂറോളം പേര്‍ രോഗബാധിതരായി. ആദ്യം ജപ്പാന്‍ജ്വരം ആണെന്ന നിഗമനത്തിലായിരുന്നു ചികിത്സ. എന്നാല്‍ ജപ്പാന്‍ജ്വരത്തിനുളള പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും രോഗികളായതോടെയാണ് രോഗം മറ്റെന്തോ ആണെന്ന സംശയം പിറന്നത്. രോഗം ബാധിച്ച ഒരാളുടെ തലച്ചോറിലെ നീരില്‍ നിന്ന് വൈറസിനെ വേര്‍തിരിച്ചപ്പോഴാണ് പുതിയ രോഗത്തിന്റെ സാന്നിദ്ധ്യം ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞത്.
മലേഷ്യയിലെ കാംപുങ് ബാറു സുംഗായ് നിപ്പാ എന്ന സ്ഥലത്ത് നിന്നാണ് വൈറസിനെ കണ്ടെത്തിയത്. ഇതാണ് നിപ്പ വൈറസ് എന്ന് പേര് വരാന്‍ കാരണവും. ഇതൊരു ആര്‍എന്‍എ വൈറസാണ്.
നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അന്ന് മറ്റ് പ്രതിവിധികളൊന്നും ഇല്ലായിരുന്നു. പിന്നാലെ പന്നിഫാമുകളിലെ എല്ലാ പന്നികളെയും കൂട്ടത്തോടെ കൊന്നൊടുക്കി. ഇതോട് കൂടി മലേഷ്യയിലെ പന്നി വ്യാപാര മേഖല ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു.
നിപ്പ വൈറസിന്റെ രണ്ടാം വരവ്
നിപ്പ വൈറസിന്റെ ആക്രമണം പിന്നീട് ഏറ്റവും കൂടുതല്‍ തവണ ഉണ്ടായത് ബംഗ്ലാദേശിലാണ്. തുടര്‍ച്ചയായി എട്ട് വര്‍ഷങ്ങളില്‍ ഇവിടെ നിപ്പ വൈറസിന്റെ ആക്രമണം ഉണ്ടായി. 2001 ന് ശേഷം മാത്രം ഇവിടെ 150 ലേറെ പേരാണ് ഇതുവരെ മരിച്ചത്. മിക്കപ്പോഴും രോഗം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മരണസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് പോയതായാണ് ചരിത്രം.
രോഗലക്ഷണങ്ങള്‍
നിപ്പ വൈറസ് ശരീരത്തില്‍ കടന്നാല്‍ പെട്ടെന്നൊന്നും അസുഖം പിടിക്കില്ല. അഞ്ച് ദിവസം മുതല്‍ രണ്ടാഴ്ച വരെ സമയമെടുത്തേ രോഗലക്ഷണങ്ങള്‍ കാണിക്കൂ. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ഉണ്ടാകും. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.
ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന വൈറസാണിത്. അതിനാല്‍ തന്നെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ടു ദിവസത്തിനകം തന്നെ രോഗി കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ കാര്യമായ ഫലം ചെയ്യില്ല. അതിനാല്‍ തന്നെ പ്രതിരോധമാണ് പ്രധാനം.
നിപ്പ വൈറസിനെ പ്രതിരോധിക്കേണ്ടത് ഇങ്ങിനെ
ഇതുവരെ കണ്ടെത്തിയതില്‍ വവ്വാലുകളാണ് നിപ്പ വൈറസിന്റെ പ്രധാന വാഹകര്‍. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം. പക്ഷികളില്‍ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന അസുഖമാണ് നിപ്പാ വൈറസ്.
അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക.
വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
പനി ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
എന്‍ 95 മാസ്‌ക്, കൈയുറ (ഗ്ലൗസ് ), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗികേണ്ടതാണ്.
ആരെങ്കിലും പനി ബാധിച്ച് കിടപ്പിലാണെന്നറിഞ്ഞാല്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.
രോഗബാധിതരുടെയും, രോഗം ബാധിച്ച് മരിച്ചവരുടെയും മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുക. ശവസംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹത്തെ കുളിപ്പിക്കുകയോ മറ്റോ ചെയ്താല്‍ ഇത് ചെയ്യുന്നവര്‍ ദേഹരക്ഷ ഉപയോഗിക്കുക.
നിപ്പ രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
നിപ്പ രോഗം ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകളിലെയും സന്ദര്‍ശനം പരമാവധി ഒഴിവാക്കുക.
നിപ്പ വൈറസ് ബാധയേറ്റ് മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവ സോപ്പോ അലക്കുപൊടിയോ ഉപയോഗിച്ചു കഴുകണം. കിടക്ക, തലയിണ എന്നിവ സൂര്യപ്രകാശത്തില്‍ കുറച്ചധികം ദിവസം ഉണക്കിയെടുത്ത ശേഷമേ ഉപയോഗിക്കാവൂ. |