|
കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗത്തിലാണ് മന്ത്രി നര്‍ദേശം നല്‍കിയത്.
സിംഗപൂര്‍, തായ്‌ലന്‍ഡ്, ചൈന തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പോലെ കേരളത്തിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒമിക്രോണ്‍ ജെഎന്‍1 സബ്-വകഭേദങ്ങളായ എല്‍എഫ്.7, എന്‍ബി1 എന്നിവയാണ് ഇപ്പോഴത്തെ വ്യാപനത്തിന് പിന്നില്‍. ഈ വകഭേദങ്ങള്‍ വളരെ വേഗത്തില്‍ പടരുന്നുവെങ്കിലും, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയിലും കേസുകള്‍ ക്രമാനുഗതമായി വര്‍ധിച്ചുവരികയാണ്. കേരളം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും തമിഴ്നാടും. മെയ് മാസത്തില്‍ ഇതുവരെ കേരളത്തില്‍ 182 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം (57), എറണാകുളം (34), തിരുവനന്തപുരം (30) എന്നിവിടങ്ങളിലാണു കൂടുതലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. |