|
ഈസ്റ്റ് യോര്‍ക്ക്ഷെയറിലെ ഹള്‍ സ്വദേശിയായ 35 കാരി ലൂസി തോംസണിന്റെ ശരീരത്തിലും ഇത്തരമൊരു ലക്ഷണം പ്രത്യക്ഷപ്പെട്ടു. വളരെ നിസ്സാരമായ ഒന്നായിരുന്നു അത്. അത് അവര്‍ അവഗണിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ അവരുടെ ജീവന്‍ തന്നെ നഷ്ടമായേനെ. 2023 ഏപ്രിലില്‍ കൈയ്യിലെ അക്രിലിക് നഖങ്ങള്‍ നീക്കം ചെയ്തപ്പോഴാണ് ഇടതു തള്ളവിരലില്‍ ഒരു നേര്‍ത്ത കറുത്ത വര അവര്‍ ശ്രദ്ധിച്ചത്. അത് കൈ തട്ടിയപ്പോഴുണ്ടായ ചതവ് ആണെന്നാണ് അവര്‍ ആദ്യം കരുതിയത്. അതിനാല്‍ അതിനെക്കുറിച്ച് അവര്‍ അധികം ചിന്തിച്ചില്ല. എന്നാല്‍, ഒരു സുഹൃത്ത് അവളുടെ കൈയ്യിലെ അടയാളം ശ്രദ്ധിക്കുകയും ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ആശുപത്രിയിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ ലൂസിയുടെ നഖത്തിലെ അടയാളം ഒരു അപൂര്‍വ ത്വക്ക് കാന്‍സറുമായി ബന്ധപ്പെട്ടതാണെന്ന് സംശയം പ്രകടിപ്പിച്ചു. ആദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും രണ്ടാമത്തെ ബയോപ്സിയില്‍ നഖത്തില്‍ അര്‍ബുദ കോശങ്ങള്‍ കണ്ടെത്തി.
അപൂര്‍വ ത്വക്ക് കാന്‍സറെന്ന് ഡോക്ടര്‍മാര്‍
''എന്റെ കൈയ്യിലെ അക്രിലിക് നഖങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ഞാന്‍ അവ പറിച്ചെടുത്തു. അപ്പോഴാണ് നഖത്തില്‍ ഒരു രസകരമായ വര ഞാന്‍ ശ്രദ്ധിച്ചത്. അക്രിലിക് നഖങ്ങള്‍ പറിച്ചെടുത്തപ്പോള്‍ കേട് വന്നതാകാമെന്നാണ് ഞാന്‍ കരുതിയത്. അല്ലെങ്കില്‍ എവിടെയങ്കിലും കൈ തട്ടിയിരിക്കാമെന്നും അതുമല്ലെങ്കില്‍ വാതില്‍ കുടുങ്ങിയതാകാമെന്നും ഞാന്‍ കരുതി. വളരെ നേര്‍ത്ത ഒരു വരയാണ് നഖത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിചിത്രമാണെല്ലോ എന്ന് ഞാന്‍ അന്ന് ചിന്തിച്ചു. സുഹൃത്തുക്കളെ കാണുന്നത് വരെ ഞാന്‍ അത് അങ്ങനെ തന്നെ വെച്ചു,'' ദ സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ലൂസി പറഞ്ഞു. |