|
കഞ്ചാവിനെ അപകടകരമല്ലാത്ത ലഹരി മരുന്നുകളുടെ കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്തുന്ന കാര്യം ഭരണകൂടം പരിശോധിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഹരി മരുന്നിന്റെ വര്‍ഗ്ഗീകരണം സംബന്ധിച്ച് ഒരു തീരുമാനമെടുക്കുമെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത് വളരെ സങ്കീര്‍ണ്ണമായ വിഷയമാണെന്നും ഈ തീരുമാനം ശരിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കഞ്ചാവിന്റെ മെഡിക്കല്‍ ഉപയോഗത്തെ കുറിച്ച് മഹത്തായ കാര്യങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ലഹരി എന്ന നിലയ്ക്കുള്ള ഉപയോഗങ്ങളെ കുറിച്ച് മോശം കാര്യങ്ങളാണ് കേട്ടിട്ടുള്ളതെന്നും ട്രംപ് അറിയിച്ചു.
'ചിലര്‍ക്ക് ഇത് ഇഷ്ടമാണ്. ചിലര്‍ ഇതിന്റെ ഉപയോഗത്തെ തന്നെ വെറുക്കുന്നു. അത് കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നതിനാല്‍ ചില ആളുകള്‍ മരിജുവാനയെന്ന മുഴുവന്‍ ആശയത്തെയും വെറുക്കുന്നു. കുട്ടികളേക്കാളുപരി മുതിര്‍ന്നവര്‍ക്കും ലഹരി ഉപയോഗം ദോഷം ചെയ്യും', ട്രംപ് പറഞ്ഞു. |