|
റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കലന്തൂര്‍ ചിത്രം നിര്‍മ്മിക്കുന്നു. ഹ്യൂമറിന്റെ വക്താക്കളാണ് നാദിര്‍ഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്നത്.
ഇരുട്ടിന്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിര്‍ഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകല്‍ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവര്‍ പലതും കാണും, കേള്‍ക്കും പക്ഷെ അതില്‍ പലതും പുറത്തു പറയാന്‍ പറ്റാത്തതാകും അത്തരം ചില സംഭവങ്ങളിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്.
അര്‍ജുന്‍ അശോകനും പുതുമുഖം മുബിന്‍ എം. റാഫിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഞാന്‍ പ്രകാശന്‍', 'മകള്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് നായിക.
ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, ജോണി ആന്റണി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, അശ്വത്ത് ലാല്‍, വിശ്വജിത്ത്, ഡ്രാക്കുള സുധീര്‍, സമദ്, ഏലൂര്‍ ജോര്‍ജ്, കലാഭവന്‍ റഹ്‌മാന്‍, കലാഭവന്‍ ജിന്റോ, മാളവിക മേനോന്‍, നേഹ സക്‌സേന എന്നിവരും പ്രധാന താരങ്ങളാണ്.
ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് ഈണം
പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം- ഷാജികുമാര്‍, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം - സന്തോഷ് രാമന്‍, മേക്കപ്പ് -റോണക്‌സ് സേവ്യര്‍, കൊസ്‌റ്യൂം ഡിസൈന്‍ - അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപക് നാരായണന്‍, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള, പ്രൊജക്റ്റ് ഡിസൈനര്‍ - സൈലക്‌സ് ഏബ്രഹാം, പ്രൊഡക്ഷന്‍ മാനേജര്‍ - ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അപ്പു ഫഹദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീകുമാര്‍ ചെന്നിത്തല, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്. |