Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കെയറര്‍ ജോലിക്ക് അപേക്ഷിക്കുന്ന ആളുകള്‍ക്ക് ആശ്രിതവിസ നിര്‍ത്തലാക്കിയത് നിലവില്‍ വന്നു
reporter

ലണ്ടന്‍: യുകെയില്‍ കെയറര്‍ ജോലിക്ക് അപേക്ഷിക്കുന്ന ആളുകള്‍ക്ക് ആശ്രിത വീസ ലഭിക്കില്ല. മുന്‍കൂട്ടി നല്‍കിയ അറിയിപ്പ് പ്രകാരം ഇന്നലെ മുതല്‍ ഭര്‍ത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റ് ആശ്രിതരെയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്‌സ് അഥവാ കെയറര്‍മാരുടെ അനുമതിയാണ് ഇല്ലാതാകുന്നത്. സമീപകാലത്ത് യുകെയിലേക്ക് കുടിയേറിയ മലയാളി കെയറര്‍മാരെയും നഴ്സുമാരെയും ഏറ്റവുമധികം ആശങ്കപ്പെടുത്തിയ നിയമമാറ്റ പ്രഖ്യാപനമാണ് കെയറര്‍മാരുടെ ആശ്രിത വീസ നിരോധനം.

മാര്‍ച്ച് 11ന് മുന്‍പ് അപേക്ഷിച്ചിട്ടുള്ളവരില്‍ ഹോം ഓഫിസ് അംഗീകരിച്ചവര്‍ക്ക് തുടര്‍ന്നും ആശ്രിതരെ കൊണ്ടുവരാനുമുള്ള അനുമതി ലഭിക്കും. എന്നാല്‍ അതിനുശേഷമുള്ള അപേക്ഷകളൊന്നും തന്നെ ആശ്രിത വീസയ്ക്കായി പരിഗണിക്കില്ല. കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷങ്ങളായി യുകെയിലേക്ക് മലയാളി കെയറര്‍മാരുടെ കുത്തൊഴുക്ക് നടന്നിരുന്നു. വന്‍തുക ഏജന്റുമാര്‍ക്ക് അനധികൃതമായി നല്‍കി എത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. നഴ്സുമാരാണ് കുടുതലും ഈ കാറ്റഗറിയില്‍ എത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലെ ജോലി പോലും ഉപേക്ഷിച്ച് അവരില്‍പ്പലരും യുകെയിലേക്ക് വരാനുള്ള പ്രധാനകാരണം ആശ്രിത വീസയായിരുന്നു. ആശ്രിത വീസയില്‍ എത്തുന്നവര്‍ക്ക് ജോലി ചെയ്യാമെന്നതും വരുമാന സാധ്യത കൂട്ടി.

കുടിയേറ്റം കുറയ്ക്കല്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നിയമത്തെ പാര്‍ലമെന്റില്‍ പൊതു തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ലേബറുകള്‍ അടക്കമുള്ള പ്രതിപക്ഷം എതിര്‍ക്കുവാനും സാധ്യത കുറവാണ്. ഈ നിയമത്തില്‍ ഇളവുകള്‍ അനുവദിച്ചേക്കും എന്ന പ്രതീക്ഷയും ഇപ്പോള്‍ അസ്ഥാനത്താണ്. ഇതിനോടനുബന്ധിച്ച് സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം മിനിമം 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആയി ഉയര്‍ത്തുന്നത് ഏപ്രില്‍ 4ന് നടപ്പിലാക്കും. എന്നാല്‍ നഴ്‌സിങ്ങും സോഷ്യല്‍ കെയറും ഉള്‍പ്പെടുന്ന ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വീസകള്‍ക്കും ദേശീയ ശമ്പള സ്‌കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്കും ഈ മാറ്റം ബാധകമാകില്ല. ആശ്രിത വീസയില്‍ ജീവിത പങ്കാളിയെ കൊണ്ടു വരുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവര്‍ഷം 18,600 പൗണ്ടില്‍ നിന്ന് ആദ്യം 29,000 പൗണ്ട് ആയും ഒടുവില്‍ ഏകദേശം 38,700 പൗണ്ട് ആയും ഉയരും.

 
Other News in this category

 
 




 
Close Window