ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടനിലെ പ്രമുഖ നഗരങ്ങളില്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് 'ഡിജിറ്റല്‍ വേട്ട' നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 'വാക്കിങ് ടൂര്‍', 'നൈറ്റ് ലൈഫ് കണ്ടന്റ്' എന്നീ പേരുകളില്‍ സ്ത്രീകളുടെ അനുവാദമില്ലാതെ വസ്ത്രധാരണവും നടത്തവും ഒളിക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന സംഘങ്ങളെ രാജ്യാന്തര മാധ്യമം നടത്തിയ രഹസ്യ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്.
യുട്യൂബ്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം വിഡിയോകള്‍ വ്യാപകമായി അപ്ലോഡ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അറുപത്തിയഞ്ചിലധികം ചാനലുകളിലായി മൂന്ന് ബില്യനിലധികം വ്യൂസ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു വിഡിയോയ്ക്ക് ഒരു മില്യന്‍ വ്യൂസ് ലഭിച്ചാല്‍ ഏകദേശം 5,000 പൗണ്ട് വരുമാനം ലഭിക്കുന്നതായി കണ്ടെത്തി.
വളരെ താഴ്ന്ന ആംഗിളുകളില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അശ്ലീല ചുവയുള്ള തംബ്നെയിലുകളോടെ അപ്ലോഡ് ചെയ്യപ്പെടുന്നു. സ്വന്തം ദൃശ്യം ചിത്രീകരിക്കപ്പെട്ട വിവരം പല യുവതികള്‍ക്കും അറിയാതെ പോയി. വിഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് കണ്ടപ്പോള്‍ മാനസികമായി തകര്‍ന്ന അന്‍പതോളം യുവതികളെ മാധ്യമ സംഘം കണ്ടെത്തി. ''വീടിന് പുറത്തിറങ്ങാന്‍ പോലും ഇപ്പോള്‍ ഭയമാണ്'' എന്ന് ഇരയായ 21 വയസ്സുകാരി വെളിപ്പെടുത്തി.
മാഞ്ചസ്റ്റര്‍, ലണ്ടന്‍, ബക്കിങ്ങാം തുടങ്ങിയ നഗരങ്ങളില്‍ മലയാളി നഴ്‌സുമാരും വിദ്യാര്‍ഥിനികളും താമസിക്കുന്നതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മലയാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ രീതിയില്‍ ആരെങ്കിലും പെരുമാറുന്നത് കണ്ടാല്‍ ഉടന്‍ പൊലീസിനെ (999 അല്ലെങ്കില്‍ 101) വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.
സ്വീഡനില്‍ നിന്ന് പ്രത്യേകമായി യുകെയിലെത്തിയ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഘങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മാഞ്ചസ്റ്ററില്‍ നടത്തിയ പരിശോധനയില്‍ മാസ്‌ക് ധരിച്ച് ഫോണില്‍ നോക്കുന്നതായി നടിച്ച് സ്ത്രീകളെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ പലരെയും പിടികൂടി. ടാക്‌സി ഡ്രൈവര്‍മാരും വിനോദസഞ്ചാരികളും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി.
പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിക്കുന്നത് യുകെയില്‍ കുറ്റകരമല്ലെങ്കിലും അത് ശല്യം ചെയ്യുന്ന രീതിയിലോ ലൈംഗിക ഉദ്ദേശ്യത്തോടെയോ ആണെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാധ്യമ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് യുട്യൂബും ടിക് ടോക്കും പല ചാനലുകളും നീക്കം ചെയ്തിട്ടുണ്ട്.
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം 'വോയറിസം' രീതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹോം ഓഫിസ് വക്താക്കള്‍ അറിയിച്ചു. യുകെ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദും ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി