ലണ്ടന്‍: കെന്നിംഗ്സ്റ്റണ്‍ കൊട്ടാരം പുറത്ത് വിട്ട ചിത്രം ലോകത്തിലെ തന്നെ പ്രമുഖ ഏജന്‍സികള്‍ വ്യാജമെന്ന് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ ക്ഷമാപണവുമായി കേറ്റ് മിഡില്‍ടണ്‍. തിങ്കളാഴ്ചയാണ് കേറ്റ് മിഡില്‍ടണ്‍ ക്ഷമാപണം നടത്തിയത്. ഞായറാഴ്ചയാണ് ബ്രിട്ടനിലെ മദേഴ്‌സ് ഡേ സംബന്ധിച്ച് കെന്നിംഗ്സ്റ്റണ്‍ കൊട്ടാരം വിവാദ ചിത്രം പുറത്ത് വിട്ടത്. ക്രിസ്തുമസിന് പിന്നാലെ പുറത്ത് വന്ന പ്രിന്‍സസ് ഓഫ് വെയില്‍സിന്റെ ചിത്രമെന്ന നിലയില്‍ മക്കള്‍ക്കൊപ്പമുള്ള കേറ്റ് മിഡില്‍ടണിന്റേ ചിത്രം വൈറലായതിനിടയ്ക്കാണ് അസോസിയേറ്റഡ് പ്രസ്, എഎഫ്പി, റോയിട്ടേഴ്സ് എന്നീ ഏജന്‍സികള്‍ ചിത്രത്തില്‍ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി ചിത്രം പിന്‍വലിച്ചത്. മറ്റ് പല അമച്വര്‍ ഫോട്ടോഗ്രാഫര്‍മാരെ പോലെ ഇടയ്‌ക്കൊക്കെ എഡിറ്റിംഗ് പരീക്ഷണം നടത്താറുണ്ട്. കുടുംബ ചിത്രത്തില്‍ എഡിറ്റിംഗിനേ തുടര്‍ന്ന് സംഭവിച്ച ആശയക്കുഴപ്പത്തിന് ക്ഷമാപണം നടത്തുന്നു. എല്ലാവരും നല്ലൊരു മാതൃദിനം ആഘോഷിച്ചെന്ന് വിശ്വസിക്കുന്നുവെന്നാണ് ക്ഷമാപണ കുറിപ്പില്‍ കേറ്റ് വിശദമാക്കുന്ന്. എക്‌സിലെ ഔദ്യോഗിക അക്കൌണ്ടിലൂടെയാണ് ക്ഷമാപണം നടത്തിയിരിക്കുന്നത്.
പൂന്തോട്ടത്തിലെ കസേരയില്‍ ഇരിക്കുന്ന കാതറീന്‍, ഒപ്പം 10 വയസ്സുകാരന്‍ ജോര്‍ജ്, എട്ട് വയസ്സുകാരി ഷാര്‍ലറ്റ്, അഞ്ച് വയസ്സുകാരന്‍ ലൂയിസ് എന്നിവരാണ് ചിത്രത്തിലുള്ളത്. വെയില്‍സ് രാജകുമാരനും കാതറീന്റെ ഭര്‍ത്താവുമായ വില്യംസ് എടുത്ത ചിത്രമാണിത് എന്നാണ് പറഞ്ഞിരുന്നത്. മാതൃദിനാശംസകള്‍ നേര്‍ന്ന് കാതറിന്റെയും വില്യമിന്റെയും സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലാണ് ആദ്യം ചിത്രം വന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കേറ്റ് മിഡില്‍ടണ്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇതിന് ശേഷം കേറ്റിന്റേത് എന്ന പേരില്‍ ഔദ്യോഗിക അക്കൌണ്ടില്‍ നിന്ന് പുറത്ത് വന്ന കുടുംബ ചിത്രമാണ് പുലിവാല് പിടിച്ചത്. കേറ്റ് മിഡില്‍ടണ്‍റെ ആരോഗ്യസ്ഥിതിയേക്കുറിച്ച് പല രീതിയിലുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ചിത്രം പുറത്ത് വന്നത്. ആരോഗ്യത്തോടെയുള്ള ഭാവി രാജ്ഞിയുടെ ചിത്രം ആരാധകര്‍ക്ക് ആശ്വാസം പകരുന്നതിനിടെയാണ് പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ ചിത്രത്തില്‍ കൃത്രിമത്വം നടന്നെന്ന് വിശദമാക്കി പിന്‍വലിച്ചത്.