ഡബ്ലിന്‍: യുഎഇയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയര്‍ലന്റില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍. അബുദാബിയില്‍ നിന്ന് അയര്‍ലന്റ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര ചെയ്തയാളിന് രോഗം സ്ഥിരീകരിച്ചതായി ഐറിഷ് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അധികൃതരും സ്ഥികരീകരിച്ചു. അഞ്ചാംപനി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ഐറിഷ് അധികൃതര്‍ പ്രത്യേക ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരും ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.
ഇവര്‍ വീടുകളില്‍ പ്രത്യേകം മുറിയില്‍ തനിച്ച് താമസിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടുകയും വേണം. മൂക്കൊലിപ്പ്, കണ്ണുകളിലെ ചുവപ്പ് നിറവും ചൊറിച്ചിലും, കഴുത്തിന് ചുറ്റും പാടുകള്‍, കടുത്ത പനി എന്നിങ്ങനെയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങള്‍. ശനിയാഴ്ച അബുദാബിയില്‍ നിന്ന് ഡബ്ലിനിലേക്കുള്ള ഇ.വൈ 045 വിമാനത്തില്‍ യാത്ര ചെയ്തയാളിനാണ് അഞ്ചാംപനി സ്ഥിരീകരിച്ചതെന്ന് ഇത്തിഹാദ് വ്യക്തമാക്കി. ബന്ധപ്പെട്ട ആരോഗ്യ വിഭാഗം നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കാനുള്ള നടപടികള്‍ ഇത്തിഹാദ് സ്വീകരിക്കുമെന്നും രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ അധികൃതരെ സഹായിക്കുമെന്നും കമ്പനി വക്താവ് അബുദാബിയില്‍ അറിയിച്ചു.