ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ (ആക്‌സിഡന്റ് ആന്‍ഡ് എമര്‍ഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്) ചികില്‍സ കിട്ടാനുള്ള കാത്തിരിപ്പിനിടെ മരിക്കുന്നത് ആഴ്ചതോറും 250 രോഗികളെന്ന് റിപ്പോര്‍ട്ട്. റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടത്. എട്ടു മണിക്കൂറുകള്‍ വരെ നീളുന്ന എ ആന്‍ഡ് ഇയിലെ കാത്തിരിപ്പിനിടെ 72 രോഗികളില്‍ ഒരാള്‍വീതം മരണപ്പെടുന്നു എന്നാണ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ കണ്ടെത്തിയത് എട്ടു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരെ നീളുന്ന വെയിറ്റിങ് സമയം കുറയ്ക്കാന്‍ പ്രധാനമന്ത്രി ഋഷി സുനാക് കഴിഞ്ഞവര്‍ഷം ഒരു ബില്യന്‍ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ച് നടപടി തുടങ്ങിയെങ്കിലും ഇതൊന്നും പ്രായോഗികമായി ഫലം കാണുന്നില്ല എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
14,000 പേരാണ് സമയത്ത് ചികില്‍സ കിട്ടാത്തതിനാല്‍ കഴിഞ്ഞവര്‍ഷം മരണത്തിന് കീഴടങ്ങിയത്. കൃത്യസമയത്ത് അഡ്മിറ്റ് ചെയ്ത് ചികില്‍സിച്ചിരുന്നെങ്കില്‍ ഒഴിവാക്കാവുന്നതായിരുന്നു ഇതില്‍ ഭൂരിപക്ഷം പേരുടെയും മരണം. 2023-ല്‍ 1.54 മില്യന്‍ രോഗികളാണ് ചികില്‍സയ്ക്കായി അത്യാഹിത വിഭാഗത്തില്‍ 12 മണിക്കൂറിലേറെ കാത്തിരുന്നു വലഞ്ഞത്. 2022-ല്‍ ഇത് 1.66 മില്യനായിരുന്നു എന്നതാണ് ആശ്വസിക്കാവുന്ന കണക്ക്. മരണനിരക്കിലും നേരിയ കുറവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായി. 2022-ല്‍ ആഴ്ചയില്‍ 268 പേരാണ് മരിച്ചത്. കാത്തിരുന്നവരില്‍ പകുതിയിലേറെ പേരും അഡ്മിഷന്‍ ആവശ്യമുള്ളവാരാണെന്നതാണ് എന്‍എച്ച്എസിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നത്. വന്‍ തുക അനുവദിച്ചുള്ള പ്രധാനമന്ത്രിയുടെ നടപടികള്‍ കൃത്യമായി ഫലം ചെയ്യുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് ഈ കണക്കുകള്‍.