ലണ്ടന്‍: ഏപ്രില്‍ മുതല്‍ യുകെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. തൊഴില്‍ വിസകള്‍ക്ക് യോഗ്യത നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകും എന്നാതാണ് ഈ നിയന്ത്രണങ്ങള്‍കൊണ്ട് വരുന്ന പ്രധാനമാറ്റം. ഇന്‍വേര്‍ഡ് മൈഗ്രേഷന്‍ 3,00,000 മായി കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് യുകെ സര്‍ക്കാര്‍ വിദഗ്ധ തൊഴിലാളി വിസകള്‍ക്കുള്ള ശമ്പള പരിധി 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടായി ഉയര്‍ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതാണ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. തൊഴില്‍ദാതാക്കള്‍ക്ക് ഈ ശമ്പള പരിധി പാലിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് തൊഴില്‍ വിസകള്‍ക്ക് മുമ്പ് യോഗ്യത നേടാന്‍ സഹായിച്ച പല ഇടത്തരം വരുമാനമുള്ള ജോലികളും ഇനി ലഭ്യമാകില്ല എന്നാണ് ഇതിനര്‍ത്ഥം. അതായത് ഈ ജോലികള്‍ നേടുന്നവര്‍ക്ക് തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ അവരുടെ ശമ്പളം പുതിയ നിയമം പറയുന്നത് അനുസരിച്ച് വര്‍ധിപ്പിക്കേണ്ടി വരും. എന്നാല്‍ ഇതിന് പല തൊഴിലുടമകള്‍ക്കും കഴിഞ്ഞെന്ന് വരില്ല. ഇന്ത്യന്‍ തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഷെഫ്, റീട്ടെയില്‍ മാനേജര്‍മാര്‍ തുടങ്ങിയ മേഖലകളെ പുതിയ നിയന്ത്രണം നേരിട്ട് തന്നെ ബാധിക്കും. കാരണം പുതിയ ശമ്പള പരിധി ബ്രിട്ടനിലെ ഇത്തരം തൊഴിലാളികളുടെ ശരാശരി വേതനത്തേക്കാള്‍ വളരെ കൂടുതലാണ്.
നേരത്തെ റെക്കോര്‍ഡ് നിരക്കിലായിരുന്നു തൊഴില്‍ വിസകള്‍ അനുവദിച്ചത്. ഇതേ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ചില്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 1.4 ദശലക്ഷം ആളുകള്‍ക്ക് യുകെ വിസ അനുവദിച്ചുവെന്നും ഇവയില്‍ പലതും വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയുള്ളതായിരുന്നു.കോവിഡിന് ശേഷം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ വിസ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2023-ല്‍ മൊത്തം 337,240 തൊഴിലാളികള്‍ക്ക് യുകെ വിസ ലഭിച്ചുവെന്നും മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനവും 2019-ലെ മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ ഏകദേശം രണ്ടര മടങ്ങ് കൂടുതലുമാണ് ഇത്.
ഈ കണക്കില്‍ എല്ലാ വിദഗ്ധ തൊഴിലാളി വിസകളും ഉള്‍പ്പെടുന്നു. ജീവനക്കാരുടെ ക്ഷാമം രൂക്ഷവും നിലനില്‍ക്കുന്നതുമായ ആശുപത്രികളിലും കെയര്‍ ഹോമുകളിലും ജോലി ചെയ്യുന്നതിനായി യുകെയിലേക്ക് വരുന്ന കുടിയേറ്റക്കാര്‍ക്കാണ് യുകെ തൊഴില്‍ വിസകളില്‍ ഭൂരിഭാഗവും അനുവദിച്ചത്. 2022 ല്‍ രാജ്യത്തെ നിന്ന് വിദേശ ആരോഗ്യ, പരിചരണ തൊഴിലാളികളുടെ എണ്ണം 146,477 ആയി ഇരട്ടിയായി.ഹെല്‍ത്ത്, കെയര്‍ വിസകളുടെ കാര്യത്തില്‍ യുകെ ഗവണ്‍മെന്റ് വളരെ ബുദ്ധിമുട്ട് നേരിടുന്ന ഒരു അവസ്ഥയാണ്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസും ബ്രിട്ടീഷ് സോഷ്യല്‍ സര്‍വീസുകളും വിദേശ തൊഴിലാളികളെയാണ് കാര്യമായ രീതിയില്‍ ആശ്രയിക്കുന്നത്. സ്വദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒഴിവുകള്‍ നികത്താന്‍ ഇത് പര്യാപ്തമല്ല.വിദേശ കുടിയേറ്റം രാജ്യത്ത് വളരെ കൂടുതലാണെന്ന അഭിപ്രായം യുകെയില്‍ ശക്തമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇത് വളരെ വലിയ വെല്ലുവിളിയാണ്. ഇതോടെയാണ് വിസകള്‍ അനുവദിക്കുന്നത് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.കഴിഞ്ഞ വര്‍ഷം തൊഴില്‍ വിസ ലഭിക്കുന്ന ആളുകളുടെ ആശ്രിതര്‍ക്ക് 279,131 വിസകള്‍ അനുവദിച്ചു. അതായത് 2022 ല്‍ നിന്ന് 80 ശതമാനം വര്‍ധനവുണ്ടായി. ആരോഗ്യ, പരിചരണ തൊഴിലാളികള്‍ അവരുടെ കുടുംബങ്ങളെ യുകെയിലേക്ക് കൊണ്ടുവന്നതാണ് ഈ വര്‍ദ്ധനവിന് കാരണമായത്, എന്‍എച്ച്എസ് ജീവനക്കാരുടെ കുടുംബങ്ങളില്‍ 73% വും വരും ഇത്.മൊത്തത്തില്‍, ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം 616,371 തൊഴില്‍, കുടുംബ വിസകള്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 421,565 ആയിരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും അവരുടെ ആശ്രിതരുടെയും എണ്ണത്തില്‍ നേരിയ കുറവുണ്ടായി, എന്നിരുന്നാലും, ഈ കണക്ക് 20,000-ല്‍ താഴെയായി കുറഞ്ഞ് 605,504 ആയി. വരാനിരിക്കുന്ന ശമ്പള പരിധി വര്‍ദ്ധനവ് അര്‍ത്ഥമാക്കുന്നത്, യുകെയിലെ തൊഴിലുടമകള്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്ന് എന്നാണ്.