ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് ഭക്ഷ്യ ഇറക്കുമതിക്കുള്ള ഫീസ് സര്‍ക്കാര്‍ പുറത്തു വിട്ടു. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വന്‍വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പായി. ഏപ്രില്‍ 30 മുതലാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഫീസ് നിലവില്‍ വരുന്നത്. മത്സ്യം, മീറ്റ്, സോസേജ്, ചീസ്, തൈര് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ ചെറുകിട ഇറക്കുമതിക്ക് ഫീസ് ബാധകമാവും. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്സ് (DEFRA) പ്രഖ്യാപിച്ചത് അനുസരിച്ച് £145 വരെയാണ് ചെറുകിട ഭഷ്യ ഇറക്കുമതിക്ക് ഈടാക്കുന്നത് . ഈ നടപടി സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുമെന്ന വിമര്‍ശനം ശക്തമാണ്. ഈ തീരുമാനം ഭക്ഷ്യവിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നു മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ തിരഞ്ഞെടുക്കാനുള്ള സാധനങ്ങളുടെ എണ്ണത്തിലും വന്‍ കുറവ് വരുത്തിയേക്കും.
പുതിയ നിരക്കുകള്‍ ഭക്ഷ്യവിലയെ കാര്യമായി ബാധിക്കുമെന്ന് കോള്‍ഡ് ചെയിന്‍ ഫെഡറേഷന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വിതരണ ശൃംഖലയിലെ വര്‍ധിച്ചുവരുന്ന ചിലവുകള്‍ സാധാരണക്കാര്‍ക്ക് കൈമാറാനുള്ള സാധ്യതയുണ്ടെന്നാണ് കോള്‍ഡ് ചെയിന്‍ ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂഷന്‍ ഫീല്‍ പ്ലക്ക് പറഞ്ഞത്. ഫീസിന്റെ പെട്ടെന്നുള്ള പ്രഖ്യാപനവുമായി കമ്പനികള്‍ക്ക് പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുക്കുമെന്നും ഇത് ബ്രെക്‌സിറ്റിന് ശേഷമുള്ള വ്യാപാര നിയന്ത്രണങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങള്‍ വര്‍ധിപ്പിക്കാനും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ കുറവുണ്ടാക്കുമെന്നുമാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ ബയോ സെക്യൂരിറ്റി കാത്തുസൂക്ഷിക്കാനും ഭക്ഷ്യ ഇറക്കുമതിയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും പരിശോധനകളും ജൈവ സുരക്ഷാ നടപടികളും ശക്തമാക്കുന്നതിനായി ഫീസ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.