തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചില്‍ സര്‍ഫിങ്ങിനിടെ വിദേശ വിനോദ സഞ്ചാരി മരിച്ചു. ബ്രിട്ടീഷ് പൗരനായ റോയ് ജോണ്‍ (55) ആണ് മരിച്ചത്. ശക്തമായ തിരയില്‍പ്പെട്ടാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ലൈഫ് ഗാര്‍ഡും പൊലീസും ചേര്‍ന്നാണ് റോയ് ജോണിനെ വെള്ളത്തില്‍ നിന്നെടുത്തത്. മണല്‍ത്തിട്ടയില്‍ തട്ടി കഴുത്തു ഒടിഞ്ഞ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അടുത്തിടെ ടൂറിസം വകുപ്പ് വര്‍ക്കലയില്‍ ഇന്റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും 65ലേറെ മത്സരാര്‍ത്ഥികളായിരുന്നു പങ്കെടുത്തത്. അണ്ടര്‍ 16 ആണ്‍കുട്ടികള്‍, ഓപ്പണ്‍ കാറ്റഗറി പുരുഷ, വനിതാ വിഭാഗങ്ങളിലായിരുന്നു മത്സരം.