ലണ്ടന്‍: യുകെയില്‍ ഷോപ്പിങ് നടത്തവേ 27 വയസ്സുകാരിയായ യുവതി കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരന്റെ ചിത്രം പുറത്തു വിട്ടു പൊലീസ്. യുവതിയുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് അരികില്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ബ്രാഡ്ഫോര്‍ഡില്‍ നടന്ന ഗുരുതരമായ അക്രമണത്തിലെ പ്രതി ഏഷ്യന്‍ വംശജനാണെന്നാണ് സൂചന. ഓള്‍ഡ്ഹാമില്‍ നിന്നുള്ള ഹബിബുര്‍ മാസൂമാണ് കൊലയാളിയെന്നാണ് കരുതുന്നത്. യുവതിക്ക് പ്രതിയെ നേരത്തെ പരിചയമുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹബിബുര്‍ മാസൂമിനെ കാണുന്നവര്‍ ഉടന്‍ തന്നെ 999 ല്‍ അടിയന്തരമായി വിളിക്കാനാണ് പൊലീസ് നല്‍കുന്ന അറിയിപ്പ്. സുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുന്നതിനിടെ നാലോ, അഞ്ചോ തവണയാണ് യുവതിക്ക് കുത്തേറ്റതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ബ്രാഡ്ഫോര്‍ഡില്‍ ഫ്രൂട്ട്-വെജ് ഷോപ്പ് നടത്തുന്ന ജിയോ ഖാനാണ് ശബ്ദം കേട്ട് ഓടിയെത്തിയത്. യുവതി വീണുകിടക്കുന്നത് കണ്ട് ഇവരെ രക്ഷിക്കാനും ജിയോ ഖാന്‍ ശ്രമിച്ചു.