ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 10.30ന് പാര്‍ലമെന്റില്‍ ആരംഭിച്ച വോട്ടെടുപ്പിലാണ് സൈമണ്‍ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്റിന്റെ അധോസഭയായ അയര്‍ലന്‍ഡ് ഡെയില്‍ 69 നെതിരെ 88 വോട്ടുകളാണ് സൈമണ്‍ ഹാരിസിന് ലഭിച്ചത്. തുടര്‍ന്ന് അയര്‍ലന്‍ഡ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പദം ഏറ്റെടുത്തു. അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് 37 കാരനായ സൈമണ്‍ ഹാരിസ് ചുമതലയേറ്റത്. നിലവില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ മാര്‍ച്ച് 20 ന് രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്.
ഇതേ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ സഖ്യകക്ഷി സര്‍ക്കാരിനെ നയിക്കുന്ന ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിയുടെ നേതാവായി മാര്‍ച്ച് 24 ന് സൈമണ്‍ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിലുള്ള സര്‍ക്കാര്‍ ന്യൂനപഷം ആണെന്ന് സൈമണ്‍ ഹാരിസ് ആശങ്കപ്പെട്ടിരുരുന്നു. എങ്കിലും ആകെയുള്ള 160 അഗങ്ങളില്‍ സ്പീക്കര്‍ ഒഴികെ വെറും 80 അംഗങ്ങളുടെ മാത്രം ഉണ്ടായിരുന്ന സൈമണ്‍ ഹാരിസ് 8 വോട്ടുകള്‍ കൂടി പ്രതിപക്ഷത്ത് നിന്നും നേടി. സുഗമമായ ഭരണത്തിന് പ്രതിപക്ഷത്തുള്ള സ്വതന്ത്ര എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ സൈമണ്‍ ഹാരിസ് നടത്തിയ നീക്കത്തിന്റെ ഫലമായാണ് അധിക വോട്ടുകള്‍ നേടിയത്. ഒരു വര്‍ഷമാണ് സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലാവധി. ഫിനാഫാള്‍, ഫൈന്‍ ഗാല്‍, ഗ്രീന്‍ പാര്‍ട്ടി എന്നിങ്ങനെ മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മുന്നണിയാണ് അയര്‍ലന്‍ഡ് ഭരിക്കുന്നത്. ഇന്ന് പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയാകുന്നതോടെ പുതിയ മന്ത്രിമാരെയും തിരഞ്ഞെടുക്കപ്പെടും.