മൊബൈല്‍ ഫോണ്‍ ദീര്‍ഘനേരം പോക്കറ്റില്‍ സൂക്ഷിക്കുന്നതും മടിയില്‍ വളരെ നേരം ലാപ്‌ടോപ് വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ദീര്‍ഘനേരം ബൈക്കില്‍ ഒരേയിരുപ്പില്‍ യാത്ര ചെയ്യുന്നതും ഒഴിവാക്കണം. വ്യായാമം ആരോഗ്യമുള്ള ബീജോത്പാദനത്തിനു സഹായകരമാണ്. അശുദ്ധരക്തം നീക്കം ചെയ്യുന്ന ധമനികള്‍ തടിച്ചു നില്‍ക്കുന്ന വെരിക്കോസിസ് വെയിന്‍ വൃഷണത്തിന്റെ താപനിലയെയും ബീജോത്പാദനത്തെയും ബാധിക്കും. അമിതമായ പുകവലി, മദ്യപാനം, നിയന്ത്രണവിധേയമല്ലാത്ത രക്തസമര്‍ദവും പ്രമേഹവും തുടങ്ങിയവ കാലാന്തരത്തില്‍ വന്ധ്യതയിലേക്കു നയിക്കാം.
ചെറുപ്രായത്തില്‍ ആണ്‍കുട്ടികളില്‍ കാണുന്ന മുണ്ടിനീര് എന്ന വൈറസ് ബാധ വൃഷണത്തെയും ബാധിക്കാനിടയുണ്ട്. നേരത്തെ തിരിച്ചറിയാതെ പോയാല്‍ ഭാവിയില്‍ വന്ധ്യതയ്ക്ക് കാരണമായേക്കാം. മുണ്ടിനീര് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുപ്പത്തില്‍ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകള്‍ ഒഴിവാക്കിയാല്‍ അസുഖങ്ങള്‍ വരികയും അതു ഭാവിയില്‍ വന്ധ്യതയ്ക്കു കാരണമാകുകയും ചെയ്യാം. കൊഴുപ്പ് അധികമായ ഭക്ഷണപദാര്‍ഥങ്ങളും ജങ്ക് ഫുഡും അമിതമായാല്‍ ശരീരത്തിലെ ഹോര്‍മോണുകള്‍ക്കു വ്യതിയാനമുണ്ടാകുകയും പുരുഷബീജോത്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്യാം. |