ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കരട് ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്. ആദ്യഘട്ടമെന്ന നിലയില്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനും തുടര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചുകൊണ്ടാണ് കോവിന്ദ് സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
അതേസമയം, നീക്കത്തെ പാര്‍ലമെന്റില്‍ എതിര്‍ത്ത് തോല്‍പിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുമെന്ന് ജനതാദള്‍ യു ദേശീയ വര്‍ക്കിങ് പ്രസിഡന്റും രാജ്യസഭാ എം പിമായ സഞ്ജയ് ഝാ വ്യക്തമാക്കി കഴിഞ്ഞു. വിഷയത്തില്‍ എന്‍ഡിഎയിലെ വെല്ലുവിളി ഒഴിഞ്ഞതോടെയാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. |