ലണ്ടന്‍: ശനിയാഴ്ച രാത്രി തുടങ്ങിയ മഞ്ഞുവീഴ്ചയില്‍ ബ്രിട്ടനിലെങ്ങും ജനജീവിതം താറുമാറായി. സതേണ്‍ ഇംഗ്ലണ്ടിലും വെയില്‍സിലും മഞ്ഞിനു പിന്നാലെയെത്തിയ മഴ ഗതാഗത തടസത്തിന് ശമനം ഉണ്ടാക്കിയെങ്കിലും സ്‌കോട്ട്‌ലന്‍ഡിലും രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും മഞ്ഞില്‍ പുതച്ചുകിടക്കുകയാണ് വാരാന്ത്യം. വരുന്ന 48 മണിക്കൂര്‍ പലയിടത്തും കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ രാത്രി അടച്ച മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ വിമാനത്താവളങ്ങളുടെ റണ്‍വേകള്‍ ഇന്നു രാവിലെ ചേര്‍ന്ന സേഫ്റ്റി അവലോകന മീറ്റിങ്ങിനു ശേഷം തുറന്നു. എന്നാല്‍ ലീഡ്‌സ്, പ്രാഡ്‌ഫോര്‍ഡ് എയര്‍പോര്‍ട്ടുകള്‍ ഇപ്പോഴും അടച്ചിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികള്‍ വിലയിരുത്തി സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഹീത്രൂ, ഗാട്ട്വിക്ക്, ലുട്ടന്‍, സ്റ്റാന്‍സ്റ്റഡ്, സിറ്റി എയര്‍പോര്‍ട്ട് തുടങ്ങി ലണ്ടന്‍ നഗരത്തിലെ വിമാനത്താവളങ്ങളില്‍ അപൂര്‍വം സര്‍വീസുകള്‍ വൈകിയെങ്കിലും റണ്‍വേ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായില്ല.
നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും ഇന്നലെ 25 സെന്റിമീറ്റര്‍ വരെ കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായി. സ്‌കോട്ട്‌ലന്‍ഡില്‍ താപനില മൈനസ് 11 ഡിഗ്രിവരെ താഴ്ന്നു. നാഷനല്‍ റെയിലിന്റെ നോര്‍ത്തേണ്‍ നെറ്റ്വര്‍ക്കില്‍ നാളെ വൈകുന്നേരം വരെയെങ്കിലും ഗതാഗതതടസം തുടരുമെന്നാണ് മുന്നറിയിപ്പ്. ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേ, സ്‌കോട്ട്‌റെയില്‍, ട്രാന്‍സ്‌പെന്നി എസ്‌ക്ര്പ്‌സ് എന്നിവയും സര്‍വീസില്‍ മുടക്കുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡില്‍ 28,000 വീടുകളില്‍ വൈദ്യുതി തകരാറിലായി. എന്നാല്‍ ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇക്കുറി മഞ്ഞുവീഴ്ചയുടെ ദുരിതം കുറവാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും മെറ്റ് ഓഫിസ് ആംബര്‍ വാണിങ്ങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ വാരാന്ത്യത്തിലെ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിയുന്നതും ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നും മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥയിലും ഇന്നത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ലിവര്‍പൂള്‍ എഫ്‌സി ഫുട്‌ബോള്‍ മത്സരം തുടരുമെന്ന് ലിവര്‍പൂള്‍ ക്ലബ്ബ് അറിയിച്ചു.