Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=112.0951 INR
ukmalayalampathram.com
Wed 20th May 2026
 
 
UK Special
  Add your Comment comment
യുകെയിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി നഴ്‌സ് ആഷ്‌ലി മത്സരിക്കുന്നു: റാവന്‍സ്‌തോര്‍പ്പ് വാര്‍ഡില്‍ അഭിമാനത്തിളക്കം
Text By: Romy Kuriakose
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന പരമ്പരാഗത ശക്തിസമവാക്യങ്ങള്‍ക്കെതിരെ പുതിയ രാഷ്ട്രീയ തരംഗം ഉയര്‍ന്നുവരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ആ മാറ്റത്തിന്റെ മുഖമായി ശക്തിപ്രാപിച്ച് മുന്നേറുകയാണ് റീഫോം യു കെ. പ്രധാന പാര്‍ട്ടികളായ കണ്‍സര്‍വേറ്റീവ്-ലേബര്‍ ആധിപത്യത്തിന് ഇടയില്‍ ഒരു ബദല്‍ രാഷ്ട്രീയ ശബ്ദമായി ഉയര്‍ന്ന് വരുന്ന ഈ പാര്‍ട്ടിയുടെ വളര്‍ച്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളെയും കൂടുതല്‍ ശ്രദ്ധേയമാക്കുകയാണ്.

ഈ സാഹചര്യത്തിലാണ് മെയ് 7ന് നടക്കുന്ന പീറ്റര്‍ബറോ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ റാവന്‍സ്‌തോര്‍പ്പ് വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന മലയാളി സ്ഥാനാര്‍ത്ഥിയായ ആഷ്‌ലി ഫിലിപ്പ് ശ്രദ്ധാകേന്ദ്രമാകുന്നത്. യു കെയിലെ മലയാളി പ്രവാസി സമൂഹത്തിനുള്ളില്‍ മാത്രമല്ല, പ്രാദേശിക രാഷ്ട്രീയ വൃത്തങ്ങളിലും ആഷ്‌ലിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകുകയാണ്.


പീറ്റര്‍ബറോ എന്‍ എച് എസ് ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റ് നഴ്സായി പ്രവര്‍ത്തിക്കുന്ന ആഷ്‌ലി, ആരോഗ്യരംഗത്ത് സമ്പാദിച്ച അനുഭവവും മനുഷ്യസ്നേഹപരമായ സമീപനവും പൊതുജന സേവനത്തിലേക്ക് വിപുലീകരിക്കണമെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അടുത്തറിഞ്ഞ് പ്രവര്‍ത്തിച്ച അനുഭവമാണ് തനിക്ക് ഏറ്റവും വലിയ ശക്തിയെന്ന് ആഷ്ലി വിശ്വസിക്കുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി യു കെയില്‍ സ്ഥിരതാമസമാക്കിയ ആഷ്‌ലി, കേരളത്തിലെ അടൂര്‍ പെരിങ്ങനാട് സ്വദേശിനിയാണ്. ഭര്‍ത്താവ് മുറിപ്പാലയില്‍ ബഥേല്‍ ബിജോ ഭവനില്‍ സൈമണ്‍ ചെറിയാന്‍; മക്കള്‍ എസ്തര്‍ എസ് ചെറിയാന്‍, ഇമ്മാനുവേല്‍ എസ് ചെറിയാന്‍. ആലപ്പുഴ മുതുകുളം നടുക്കേപ്പുരയില്‍ കെ. ഫിലിപ്പോസിന്റെയും ശാന്തി ഫിലിപ്പോസിന്റെയും മകളാണ് ആഷ്‌ലി. കുടുംബ പിന്തുണയും പ്രവാസി സമൂഹത്തിന്റെ ഉത്സാഹകരമായ പിന്തുണയും ചേര്‍ന്നാണ് അവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മുന്നേറുന്നത്.

'ഗുണകരമായ മാറ്റത്തിനായി - നിങ്ങളുടെ പ്രാദേശിക ശബ്ദം' എന്ന മുദ്രാവാക്യവുമായി ജനങ്ങളിലേക്ക് എത്തുന്ന ആഷ്‌ലി, വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന രാഷ്ട്രീയത്തേക്കാള്‍ പ്രവര്‍ത്തനക്ഷമതയും ഉത്തരവാദിത്വവും മുന്‍നിര്‍ത്തുന്ന സമീപനമാണ് അവതരിപ്പിക്കുന്നത്.


പൊതുജനങ്ങളുടെ ദൈന്യംദിന ജീവിത സാഹചര്യങ്ങളെ പൂര്‍ണ്ണമായി ഉള്‍കൊള്ളുന്ന വ്യക്തവും ശക്തവുമായ ആശയങ്ങളും വാഗ്ദാനങ്ങളുമാണ് ആഷ്ലിയെ മറ്റു സ്ഥാനാര്‍ഥികളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. 'ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കുന്ന, കാണാവുന്നതും ഉത്തരവാദിത്വമുള്ളതുമായ പ്രാദേശിക ഭരണമാണ് എന്റെ ലക്ഷ്യം' എന്നതാണ് ആഷ്‌ലിയുടെ നിലപാട്.

കൂടുതല്‍ ദൃശ്യവും ഉത്തരവാദിത്വപരവുമായ പോലീസ് സംവിധാനത്തിന് മുന്‍ഗണന നല്‍കല്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി, പരിസ്ഥിതി സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍, കമ്മ്യൂണിറ്റി പങ്കാളിത്തവും ശാക്തീകരണവും, അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടി തുടങ്ങി ആഷ്ലി വിജയിച്ചാല്‍ നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ വാര്‍ഡിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തിട്ടുണ്ട്.
പീറ്റര്‍ബറോയില്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ഒരു സാധാരണ പ്രാദേശിക മത്സരമെന്നതിലുപരി, ബ്രിട്ടനില്‍ വളര്‍ന്നു വരുന്ന പുതിയ രാഷ്ട്രീയ പ്രവണതകളുടെ പരീക്ഷണവേദിയായി മാറുകയാണ്. 'റീഫോം യുകെ'യുടെ വളര്‍ച്ചയും പ്രവാസി സമൂഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യവും ചേര്‍ന്നപ്പോള്‍, ഈ തിരഞ്ഞെടുപ്പ് ഫലം ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴികാട്ടിയാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം കൂടുതല്‍ ദൃഢമാകുന്ന പുതിയ ഘട്ടത്തിലേക്കാണ് ഈ സ്ഥാനാര്‍ത്ഥിത്വം വിരല്‍ചൂണ്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window