ആശുപത്രിയില്‍ തലയില്‍ മുറിവേറ്റ് ചികിത്സയ്‌ക്കെത്തിയ ഒന്നാം പ്രതിയോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഒപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞതിന് ആക്രമണം. വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താന്‍ ശ്രമിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.കല്ലറ കാട്ടുപുറം സ്വദേശി അരുണ്‍ (34), കല്ലറ, മുണ്ടോണിക്കര സ്വദേശി ശ്യാം നായര്‍ (43) എന്നിവരെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തിനു സമീപംകല്ലറ തറട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.
ഒന്നാം പ്രതിയുടെ മുറിവില്‍ ഡോക്ടറും നഴ്‌സുമാരും ചേര്‍ന്ന് മരുന്ന് വയ്ക്കുന്നതിനിടെ ഇയാളുടെ സുഹൃത്ത് മുറിയില്‍ അതിക്രമിച്ചു കയറി വിഡിയോ പകര്‍ത്തി. ഇതു തടയാന്‍ ശ്രമിച്ച ഡോക്ടറെയും നഴ്‌സുമാരെയും ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
ഒന്നാം പ്രതി കത്രിക എടുത്തു കൊണ്ട് വന്ന് ഡോക്ടറെ കുത്താന്‍ ശ്രമിക്കുകയും ഇരുവരും ചേര്‍ന്ന് ആശുപത്രിയിലെ മരുന്ന് ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ അടിച്ചു നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നാലെ സമീപത്തെ വീട്ടിലേക്ക് പ്രതികള്‍ ഓടിയൊളിച്ചു. ഡോക്ടര്‍ വിവരം അറിയിച്ചതിനു പിന്നാലെ പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. |