Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.9555 INR  1 EURO=98.3671 INR
ukmalayalampathram.com
Thu 12th Jun 2025
 
 
UK Special
  Add your Comment comment
മലയാള സിനിമയ്ക്ക് അഭിമാനമായി ഡോ. രാജേഷ് ജെയിംസിന് യുകെ പുരസ്‌കാരം
reporter

ലണ്ടന്‍: യുകെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലെയിം' അവാര്‍ഡ് മലയാളിക്ക്. ഡോ. രാജേഷ് സംവിധാനം ചെയ്ത 'സ്ലെവ്‌സ് ഓഫ് ദി എംപയര്‍' എന്ന ഡോക്യുമെന്ററിക്കാണ് രാജ്യാന്തര പുരസ്‌കാരം ലഭിച്ചത്. യുകെയില്‍ വിവിധ സ്ഥലങ്ങളിലായി മേയ് ഒന്ന് മുതല്‍ പത്തുവരെ നീണ്ടുനിന്ന ഇരുപത്തിയേഴാമത് 'ടങ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലേം' ഫിലിം ഫെസ്റ്റിവലില്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. 1997ല്‍ സ്ഥാപിതമായ ചാരിറ്റി സംഘടനയായ 'ടങ്‌സ് ഓണ്‍ ഫയര്‍', സിനിമ മേഖലയില്‍ ലിംഗാധിഷ്ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്. യുകെയിലുടനീളം പ്രദര്‍ശിപ്പിക്കുന്ന 27-ാമത് ചലച്ചിത്രോത്സവത്തിന്റെ തീം, 'ആഗ്രഹവും, അവകാശവും' എന്നതായിരുന്നു. മുന്‍നിര കലാകാരന്മാരെയും എഴുത്തുകാരെയും പിന്തുണയ്ക്കുന്നതിനും 'ടങ്‌സ് ഓണ്‍ ഫയര്‍' നിലകൊള്ളുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥരുടെ യൂണിഫോം അലക്കി വെളുപ്പിക്കുവാനായി തിരുനെല്‍വേലിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച വണ്ണാര്‍ സമുദായാംഗങ്ങളായ തൊഴിലാളികളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ആണ് 'സ്ലെവ്‌സ് ഓഫ് ദി എംപയര്‍'. അക്കാലഘട്ടത്തിന്റെ നിറവും, മണവും, തനിമയും, ശബ്ദവും, വേഷവും, ഭാഷയും വരെ ഒട്ടും ചോരാതെ, ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി 'ധോബി ഘാന'യിലൂടെ നടന്നുപോകുമ്പോള്‍ കേള്‍ക്കുന്ന കല്ലുകളില്‍ തുണി പതിക്കുമ്പോളുണ്ടാകുന്ന ശബ്ദവും, വെള്ളത്തില്‍ മുക്കി പിഴിഞ്ഞെടുക്കുമ്പോളുള്ള തിരയാരവവും, വ്യത്യസ്ത താളമാര്‍ന്ന ഭാഷയും, മൂളിപ്പാട്ടും, ആഘോഷങ്ങള്‍ക്ക് വര്‍ണ്ണക്കടലാസ് മാല തൂക്കിയിട്ടപോലെ യൂണിഫോമുകള്‍, അയ വലിച്ചുകെട്ടി സര്‍ക്കസ് കൂടാര സമാനമായ 'ഡ്രയറുകള്‍' അടക്കം നേര്‍ക്കാഴ്ചകള്‍ ഒരുക്കി ഗുഹാതുരത്വവും, അനുഭൂതിയും നിറഞ്ഞ വികാരസാന്ദ്രമായ ഹൃസ്വ ചിത്രമാണ് 'സ്ലെവ്‌സ് ഓഫ് ദി എംപയര്‍'.

ഏറെ പരിശ്രമിച്ചിട്ടാണ് തൊഴിലാളികളെ അഭ്രപാളിയില്‍ പകര്‍ത്താന്‍ അനുമതി കിട്ടിയതെന്നും, ചിത്രം പൂര്‍ത്തിയാക്കുവാന്‍ ദീര്‍ഘമായ സമയമെടുക്കേണ്ടിവന്നുവെന്നും രാജേഷ് പറഞ്ഞു. അലക്കുകാരുടേതായ 'കൊച്ചു' ലോകത്തിലെ 'വലിയ' വിനോദങ്ങളും, കളികളും, സന്തോഷവും, ദുരിതങ്ങളും, നിരാശ്രയത്വവും, തൊഴില്‍ മേഖലയൊന്നാകെ എല്ലാം ഒട്ടും മങ്ങാതെ, തനിമയില്‍ ചാലിച്ചെടുത്ത ഓരോ ഷോട്ടും, അവരുടെ യഥാര്‍ത്ഥ ജീവിതസത്യങ്ങളുടെ ഹൃദയസ്പര്‍ശിയായ നേര്‍ക്കാഴ്ചയും, ആത്മാവിഷ്‌ക്കരവുമാണത്രെ. രാജേഷ് ജെയിംസ് കൊച്ചിയില്‍ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും, ചലച്ചിത്ര ഗവേഷകനുമാണ്. 2017 ല്‍ രാജേഷ് റിയാദ് വാഡിയ പുരസ്‌കാര സമിതിയുടെ ഇന്ത്യയിലെ 'ബെസ്റ്റ് എമേര്‍ജിങ് ഫിലിം മേക്കര്‍' പുരസ്‌കാരം നേടിയിരുന്നു. 2018ല്‍ മുംബൈയിലെ 'കാശിഷ് ഇന്റര്‍നാഷനല്‍ ക്വിയര്‍ ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തിന്റെ 'നേക്കഡ് വീല്‍സ്' മികച്ച ഡോക്യുമെന്ററിക്കുള്ള 'കെ.എഫ്. പാട്ടീല്‍ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി' പുരസ്‌കാരവും, 2020ല്‍ 'ഇന്‍ തണ്ടര്‍ ലൈറ്റ്‌നിങ് ആന്‍ഡ് റെയിന്‍ ' മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഇംഗ്ലിഷ് അധ്യാപകനായ ഡോ. രാജേഷ്, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എളുക്കുന്നേല്‍ ജെയിംസിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ മെറിന്‍ സാറാ കുര്യന്‍ കോതമംഗലം എംഎ കോളജ് അസി. പ്രഫസറാണ്. മകന്‍ നെയ്തന്‍. ഡോക്യുമെന്ററികളെ ഏറെ പ്രണയിക്കുന്ന കലാകാരനും, ഗവേഷകനുമായ ഡോ. രാജേഷ് ജെയിംസിന് അധ്യാപനവും, ഡോക്യുമെന്ററിയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുവാനാണ് താല്‍പര്യം.

 
Other News in this category

 
 




 
Close Window