|
ജയിംസ് ഗണ്ണിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന സൂപ്പര്‍മാന്‍ തിയറ്ററുകളിലെത്തി. സാക്ക് നൈഡറിന്റെ സംവിധാനത്തില്‍ വളരെ ഡാര്‍ക്ക് ആയ സ്വഭാവത്തിലെത്തിയ ഹെന്റി കാവില്‍ ചിത്രങ്ങളില്‍ നിന്ന് വിഭിന്നമായി പഴയ സൂപ്പര്‍മാന്‍ ആനിമേറ്റഡ് സീരീസും ഒട്ടനവധി ജനപ്രിയ കോമിക്ക് ബുക്കുകളുമായി ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് പുതിയ ചിത്രത്തില്‍ സൂപ്പര്‍മാനെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഡേവിഡ് കോറെന്‍സ്വെറ്റ് ആണ് സൂപ്പര്‍മാന്റെ വേഷത്തിലെത്തുന്നത്. സൂപ്പര്‍മാന്റെ വേഷം കൈകാര്യം ചെയ്യുന്ന പത്താമത്തെ നടനാണ് ഡേവിഡ് കോറന്‍സ്വെറ്റ്. ഇതിനുമുന്‍പ് സൂപ്പര്‍മാനായി സ്‌ക്രീനിലെത്തിയത് ഹെന്റി കാവില്‍ ആയിരുന്നു.
225 മില്ല്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലൊരുക്കുന്ന ചിത്രത്തില്‍ ഡേവിഡ് കോറന്‍സ്വീറ്റിനൊപ്പം റേച്ചല്‍ ബ്രോസ്‌നഹന്‍, നിക്കോളാസ് ഹോള്‍ട്ട്, നഥാന്‍ ഫില്ല്യന്‍, ഇസബെല്ലാ മേഴ്സ്ഡ്, മില്ലി അല്‍കോക്ക് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. പുതിയ ഡിസി യൂണിവേഴ്സിലെ ആദ്യ ചിത്രമായ സൂപ്പര്‍മാന് പിന്നാലെ സൂപ്പര്‍ ഗേള്‍, ക്ലേഫേസ് തുടങ്ങിയ ചിത്രങ്ങളും അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. |