വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ കാനഡയിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ മിസിസ്വാഗയില്‍ അനാവരണം ചെയ്തു. ഞായറാഴ്ച നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. 51 അടി ഉയരത്തില്‍ നിര്‍മിച്ച ഈ പ്രതിമ ഒന്റാറിയോയിലെ ഹിന്ദു ഹെറിറ്റേജ് സെന്ററിലെ പ്രധാന ആകര്‍ഷണമാകും. ഈ മേഖലയിലെ ഏറ്റവും പുതിയതും അതുല്യവുമായ സാംസ്‌കാരിക ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായി ഇത് മാറും. പുഷ്പ വൃഷ്ടി നടത്തിയാണ് അയോധ്യയിലെ രാമജന്മഭൂമീ ക്ഷേത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച പ്രതിമ അനാവാരണം ചെയ്തത് . ഫൈബര്‍ ഗ്ലാസും സ്റ്റീലും ഉപയോഗിച്ചാണ് പ്രതിമയുടെ നിര്‍മാണം. ഡല്‍ഹിയില്‍വെച്ചാണ് പ്രതിമ നിര്‍മിച്ചത്. കാനഡയിലെ അതിശൈത്യത്തെയും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിനെയും നേരിടാന്‍ പാകത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശ്രീരാമ പ്രതിമ 'സമൂഹത്തിനുള്ള ഒരു ആത്മീയ സമ്മാനമാണെന്ന്' ഹിന്ദു ഹെറിറ്റേജ് സെന്ററിന്റെ സ്ഥാപകനായ ആചാര്യ സുരീന്ദര്‍ ശര്‍മ്മ ശാസ്ത്രി വിശേഷിപ്പിച്ചു.