ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ ജനത്തിരക്കിനിടയില്‍ 100 രൂപയ്ക്ക് മാല വിറ്റു നടന്ന മോനി ബോണ്‍സ്ലെ എന്നു പേരുള്ള മൊണാലിസ സിനിമയിലേക്ക്. ഒരു മലയാള സിനിമയില്‍ അഭിനയിക്കുകയാണ് മോനി. പി കെ ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോനി അഭിനയിക്കുക. നാഗമ്മ എന്നാണ് ചിത്രത്തിന്റെ പേര്. ജില്ലി ജോര്‍ജ് ആണ് നിര്‍മ്മാണം. സിബി മലയില്‍ ആയിരുന്നു പടത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം കഴിഞ്ഞ ദിവസം നിര്‍വഹിച്ചത്. കൈലാഷ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജ വേദിയില്‍ മോനിയെ കൊണ്ട് ഓണാശംസകള്‍ പറയിപ്പിക്കുന്ന കൈലാഷിന്റെ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണാലിസ. പ്രയാഗ് രാജില്‍ വച്ച് നടന്ന മഹാ കുംഭ മേളയില്‍ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് മാല വില്‍ക്കാന്‍ എത്തിയത്. ക്യാമറകളുടെ കണ്ണില്‍ ഉടക്കിയതോടെയാണ് മൊണാലിസയുടെ ജീവിതം മാറിയത്.