ന്യൂദല്‍ഹി: ഇന്ത്യയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരങ്ങളും സ്വന്തം അന്വേഷണങ്ങളും അടിസ്ഥാനമാക്കി ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ യുകെ ഭരണകൂടം തീരുമാനിച്ചു.
പഞ്ചാബ് വാരിയേഴ്‌സ് എന്ന ഇന്ത്യയിലെ ക്ലബ്ബിനെക്കൊണ്ട് ലങ്കാഷയറിലെ ഫുട്ബാള്‍ ക്ലബ്ബായ മോര്‍കാംബെയെ വിലയ്ക്കെടുപ്പിച്ച ഇടപാടില്‍ മുന്‍പന്തിയില്‍ നിന്നത് ഗുര്‍പ്രീത് റെഹാല്‍ ആയിരുന്നു. വിശ്വാസവും സഹാനുഭൂതിയും നിലനിര്‍ത്താമെന്ന വാഗ്ദാനത്തോടെയാണ് പഞ്ചാബ് വാരിയേഴ്‌സ് ഇംഗ്ലണ്ടിലെ ക്ലബ്ബിനെ ഏറ്റെടുത്തത്.
യുവാക്കളെ ആകര്‍ഷിക്കുന്ന ഫുട്ബാള്‍, ക്രിക്കറ്റ് ക്ലബ്ബുകള്‍ പോലുള്ള കേന്ദ്രങ്ങളുടെ മറവില്‍ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നതാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. പിന്നീട് റെഹാല്‍ ആയുധക്കടത്ത് നടത്തിയിരുന്നെന്നും ഖലിസ്ഥാന്‍ ഭീകരസംഘടനകളിലേക്ക് യുവാക്കളെ ചേര്‍ത്തിരുന്നെന്നും കണ്ടെത്തി. ബബ്ബര്‍ ഖല്‍സ, ബബ്ബര്‍ അകാലി ലെഹര്‍ എന്നീ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പഞ്ചാബിനെ ഇന്ത്യയില്‍ നിന്ന് വേര്‍തിരിച്ച് മറ്റൊരു രാജ്യമാക്കാന്‍ ശ്രമിക്കുന്നവരാണ് ബബ്ബര്‍ ഖല്‍സ. ഇതോടെ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു