Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
 
 
UK Special
  Add your Comment comment
ഡെര്‍ബിയില്‍ വാഹനാപകടം: അന്വേഷണം ശക്തമാക്കി
reporter

ലണ്ടന്‍/ഡെര്‍ബി: യുകെയിലെ ഡെര്‍ബി നഗരത്തില്‍ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഭീകരവാദ സാധ്യത ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി കൗണ്ടര്‍-ടെററിസം ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ സംഭവം ഇപ്പോള്‍ ഭീകരാക്രമണമെന്ന നിലയില്‍ പരിഗണിക്കാനാകില്ലെന്നും സംഭവത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി ഏകദേശം 9.30ഓടെ ഫ്രയര്‍ ഗേറ്റ് പ്രദേശത്ത് ഒരു കറുത്ത സുസുക്കി സ്വിഫ്റ്റ് കാര്‍ ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ അഞ്ച് മിനിറ്റ് ദൂരത്തില്‍ പൊലീസ് പിന്തുടര്‍ന്ന് തടഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ഏഴ് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കുകള്‍ ഗുരുതരമായിരുന്നെങ്കിലും ജീവന് ഭീഷണിയില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 36 വയസുള്ള ഡെര്‍ബിയില്‍ താമസിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇന്ത്യയില്‍ ജനിച്ചയാളാണെങ്കിലും വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്നതായി വിവരം ലഭിച്ചു. പ്രതി മലയാളിയാണെന്ന സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രതിക്കെതിരെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഫ്രയര്‍ ഗേറ്റ് റോഡ് മണിക്കൂറുകളോളം പൊലീസ് നിയന്ത്രണത്തിലായിരുന്നു. ഞായറാഴ്ച ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് പൊതുജനങ്ങളോട് വിവരങ്ങള്‍ കൈമാറണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, സിസിടിവി, ഡാഷ്‌കാം ദൃശ്യങ്ങള്‍ ഉള്ളവര്‍ മുന്നോട്ട് വരണമെന്ന് നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 28ലെ ഇന്‍സിഡന്റ് നമ്പര്‍ 1131 ചൂണ്ടിക്കാട്ടി 101 നമ്പറില്‍ വിവരങ്ങള്‍ നല്‍കാമെന്നും, അജ്ഞാതമായി വിവരങ്ങള്‍ നല്‍കാന്‍ ക്രൈംസ്റ്റോപ്പേഴ്‌സിനെ 0800 555 111 നമ്പറില്‍ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു. നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ഡെര്‍ബി നോര്‍ത്ത് എംപി കാതറിന് അറ്റ്കിന്‍സണ്‍ ആവശ്യപ്പെട്ടു. വാഹനങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പരുക്കേറ്റവര്‍ക്കായി ഡെര്‍ബി കത്തീഡ്രലിലും മറ്റ് ദേവാലയങ്ങളിലും പ്രാര്‍ത്ഥനകള്‍ നടത്തി. നഗരത്തിന്റെ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പുരോഹിതന്മാര്‍ ആഹ്വാനം ചെയ്തു.

 
Other News in this category

 
 




 
Close Window