|
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയില്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് സഹായി ഉള്ളത്. ഇയാളെ എസ്‌ഐടി സംഘം ഉടന്‍ പാലക്കാട് എത്തിക്കും. രാഹുലിനെ എത്രയും വേഗം പിടികൂടുക എന്നതാണ് പൊലീസിന് നിര്‍ണായകം. പാലക്കാട്, കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ അന്വേഷണ സംഘം രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയും ബെംഗളൂരു നഗരത്തില്‍ രാഹുലിനായി പരിശോധനകള്‍ നടന്നിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാഹുലിന്റെ പത്തനംതിട്ടയിലും അടൂരിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനാണ് നീക്കം.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എംഎല്‍എ എട്ടാം ദിവസവും കാണാമറയത്താണ്. കീഴടങ്ങുമോ, അതോ എസ്‌ഐടി പിടികൂടുമോ, ഈ രണ്ട് ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം വേണ്ടത്. |