|
നടന്‍ ദിലീപ് കുറ്റവിമുക്തന്‍. ഒന്നു മുതല്‍ ആറുവരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധി. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. ക്വട്ടേഷന്‍ നല്‍കി നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണു കേസ്. എട്ടാം പ്രതിയായിട്ടാണ് ദിലീപിനെതിരേ കേസ് ചുമത്തിയിരുന്നത്. എഴു മുതല്‍ പത്തു വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളുടെ മേല്‍ ആരോപിച്ച കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി വിജിഷ്, നാലാം പ്രതി മണികണ്ഠന്‍, അഞ്ചാം പ്രതി പ്രദീപ് കുമാര്‍, ആറാം പ്രതി സലീം എന്നിവരാണ് കുറ്റക്കാര്‍.
ഒന്നാംപ്രതി എന്‍ എസ് സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസിലുള്ളത്. 2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. |