|
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ 21 വയസുകാരിയ്ക്ക് നടുറോഡില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തിന്റെ ക്രൂരമര്‍ദനം. പ്രണയബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയത് പെണ്‍കുട്ടി നിരസിച്ചതിനെ തുടര്‍ന്നാണ് നടുറോഡില്‍ ക്രൂരമായി മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത്. പ്രതിയായ നവീന്‍ കുമാര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബര്‍ 22ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒരു സ്‌കൂട്ടിയുടെ അരികില്‍ പെണ്‍കുട്ടി നില്‍ക്കുന്നതും പ്രതി ഒരു കാറില്‍ സ്ഥലത്തെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് പെണ്‍കുട്ടിയുടെ അടുത്തെത്തിയ പ്രതി അവളുടെ പേഴ്‌സ് പരിശോധിക്കുകയും തുടര്‍ന്ന് അവരുടെ തലയിലും പുറത്തും ആവര്‍ത്തിച്ച് അടിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത് രണ്ടോ മൂന്നോ പേര്‍ ഉണ്ടായിരുന്നെങ്കിലും ആരും ഇയാളെ പിടിച്ചു മാറ്റാന്‍ തയാറായില്ല.
2024 ല്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് നവീനും പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട്, ഫോണ്‍കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും ഇവര്‍ പതിവായി സംസാരിച്ചിരുന്നു. പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയെ പ്രണയബന്ധത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയതോടെ പെണ്‍കുട്ടി ഇതിനെ എതിര്‍ക്കുകയായിരുന്നു. പുറകെ നടന്ന് ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തതോടെ പോലിസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പെണ്‍കുട്ടി താമസിക്കുന്ന പിജിക്ക് മുന്നിലെത്തി പെണ്‍കുട്ടിക്കെതിരെ ക്രൂര മര്‍ദനം അഴിച്ചുവിട്ടത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. |