|
തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായി. ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കി. രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാലാണ് ആന്റണി രാജുവിനു എംഎല്‍എ പദവി നഷ്ടമായത്.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ ആ ജനപ്രതിനിധി അയോഗ്യനാവുമെന്ന സുപ്രീം കോടതിയുടെ വിധിയാണ് ആന്റണി രാജുവിനും ബാധകമായത്. അതേസമയം ആന്റണി രാജുവിനു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അയോഗ്യത നേരിടേണ്ടിവരും. ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്ന് ഇറങ്ങുന്ന ദിവസം മുതല്‍ ആറു വര്‍ഷത്തേക്കാണ് അയോഗ്യത.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 (3) അനുസരിച്ചാണ് അയോഗ്യത. ആന്റണി രാജുവിനും കോടതി മുന്‍ ജീവനക്കാരനായ ജോസിനും തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ 3 വര്‍ഷമാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. |