|
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്വില്‍ അംബാസഡറായി എത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. പ്രതിഫലം വാങ്ങാതെയാണ് മോഹന്‍ലാല്‍ ഈ ദൗത്യം ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസിയുടെ വന്‍കിട പരസ്യപ്രചാരണങ്ങള്‍ നടത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. അതിനിടെ, കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 13.01 കോടി രൂപ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തി. ഇതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനം നടത്തിയത്. കെഎസ്ആര്‍ടിസിയുടെ റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായി 2025-ല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. ഓര്‍മകളിലേക്കുള്ള യാത്രകള്‍ക്കായി സജ്ജമാക്കിയ 'ഓര്‍മ എക്സ്പ്രസ്' എന്ന ബസില്‍ അദ്ദേഹം യാത്ര ചെയ്യുകയും കേരളത്തിലെ ഗതാഗത സംവിധാനത്തിലുണ്ടായ മാറ്റങ്ങളെയും മന്ത്രി ഗണേഷ് കുമാറിനെയും പ്രശംസിക്കുകയും ചെയ്തു.
പുതിയ ബസുകള്‍ എത്തിയതിന് പിന്നാലെ കെഎസ്ആര്‍ടിസി സംഘടിപ്പിച്ച ട്രാന്‍സ്പോ 2025-ലും നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. മോഹന്‍ലാലിനെ കൂടാതെ, സംവിധായകന്‍ പ്രിയദര്‍ശന്‍ നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു, നടന്‍ നന്ദു, ഹരി പത്തനാപുരം എന്നിവരും ഓര്‍മ എക്സ്പ്രസില്‍ ഗതാഗതമന്ത്രി ഗണേഷ് കുമാറിനോടൊപ്പം അന്ന് സഞ്ചരിച്ചിരുന്നു. |