|
ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകല്പനയില്‍ തൃശ്ശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേശീയ തലത്തിലായിരുന്നു മത്സരം. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങില്‍ ചെയര്‍മാന്‍ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തു. വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. നൂറു കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആധാര്‍ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതല്‍ ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമാക്കാനുള്ള യുഐഡിഎഐയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ ചിഹ്നത്തിന്റെ പ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു തുറന്ന ദേശീയ മത്സരത്തിലൂടെ ഈ ഔദ്യോഗിക ചിഹ്നം രൂപകല്‍പ്പന ചെയ്യുന്നതിനും പേരിടുന്നതിനും പൗരന്മാരെ ക്ഷണിച്ചതിലൂടെ, ആധാറിന്റെ ഒരു പ്രധാന തത്വം യുഐഡിഎഐ വീണ്ടും ഊട്ടിയുറപ്പിച്ചുവെന്ന് സിഇഒ ഭുവ്നേഷ് കുമാര്‍ പറഞ്ഞു. പങ്കാളിത്തം വിശ്വാസവും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. ആധാര്‍ ഒരു പൊതു സേവനമെന്ന നിലയില്‍ ജനങ്ങളുമായി എത്രത്തോളം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ മത്സരത്തിന് ലഭിച്ച വന്‍ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഔദ്യോഗിക ചിഹ്നം ഒരു സഹായിയായും ആഖ്യാതാവായും അതിന്റെ യാത്ര ആരംഭിക്കുന്നതോടെ, ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇത് പൗരന്മാരെ സഹായിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വിവേക് സി. വര്‍മ്മ പറഞ്ഞു.
ആധാര്‍ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനായി യുണീക്ക് ഐഡന്റി ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇന്ന് ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ ആപേക്ഷികവും ജനസൗഹൃദപരവുമാക്കുന്നതിന് ഉദയ് എന്ന പേര് നല്‍കിയിരിക്കുന്ന ആധാറിന്റെ ഔദ്യോഗിക ചിഹ്നം സഹായകമാകും. ആധാര്‍ വിവരങ്ങള്‍ പുതുക്കല്‍, പ്രാമാണീകരണം, ഓഫ്ലൈന്‍ വെരിഫിക്കേഷന്‍, തിരഞ്ഞെടുത്ത വിവരങ്ങള്‍ പങ്കിടല്‍, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കല്‍, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ഇത് ലളിതമാക്കും. |