വിന്‍ചെസ്റ്റര്‍: ജോവാന്‍ യങ്ങിനെ ലൈംഗികമായി ആക്രമിച്ചെന്ന കുറ്റം നിഷേധിച്ച് സ്വിന്‍ഡണ്‍ സ്വദേശി കോണര്‍ സാന്‍ഡേഴ്സണ്‍-ഡോയല്‍ (32). ലൈംഗികബന്ധത്തിന് ജോവാന്റെ സമ്മതമുണ്ടെന്നാണ് താന്‍ കരുതിയതെന്ന് വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഇയാള്‍ മൊഴി നല്‍കി. 2016 ജൂണില്‍ നടന്ന സംഭവത്തിലാണ് ഇയാള്‍ വിചാരണ നേരിടുന്നത്. ജോവാന് മയക്കുമരുന്ന് നല്‍കി 13 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും മുന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൗണ്‍സിലറുമായ ഫിലിപ്പ് യങ് ഒന്നിലധികം കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. സാന്‍ഡേഴ്സണ്‍-ഡോയല്‍ ഉള്‍പ്പെടെ മറ്റു നാലു പുരുഷന്മാര്‍ക്കെതിരെയാണ് വിചാരണ നടക്കുന്നത്. തന്റെ പേര് പ്രസിദ്ധീകരിക്കാന്‍ ജോവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ലൈംഗികബന്ധത്തിന് മറ്റു പുരുഷന്മാരെ തേടുന്നുവെന്ന പരസ്യം കണ്ടാണ് താന്‍ ബന്ധപ്പെട്ടതെന്നും ദമ്പതികള്‍ ഒരുമിച്ചാണ് പരസ്യം നല്‍കിയതെന്ന് വിശ്വസിച്ചിരുന്നതായും സാന്‍ഡേഴ്സണ്‍-ഡോയല്‍ പറഞ്ഞു. അന്ന് തനിക്ക് 22 വയസ്സായിരുന്നു. ജോവാന്‍ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നെന്നോ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് ബന്ധം നടന്നതെന്നോ തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് ഇയാളുടെ മൊഴി. ഫിലിപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ മുഖം തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടി ധരിച്ചുതന്നെ തുടര്‍ന്നുവെന്നും സാന്‍ഡേഴ്സണ്‍-ഡോയല്‍ പറഞ്ഞു. കേസിനെത്തുടര്‍ന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ആണവ പ്രതിരോധ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള സുരക്ഷാ അനുമതി നഷ്ടപ്പെട്ടതായും ഇയാള്‍ കോടതിയെ അറിയിച്ചു. വിചാരണ തുടരുകയാണ്.