|
ഫഹദ് ഫാസിലിനെ (Fahadh Faasil) പ്രധാന കഥാപാത്രമാക്കി റോയ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കരാട്ടെ ചന്ദ്രന്‍' എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കോട്ടയത്ത് വെച്ച് നടന്നു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'മഹേഷിന്റെ പ്രതികാരം' മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടര്‍ ആയിരുന്ന റോയ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', 'ചുരുളി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ എസ്. ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം വലിയൊരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
വിജയരാഘവന്‍, ജോണി ആന്റണി, സുധീഷ്, രണ്‍ജി പണിക്കര്‍, ഗോകുല്‍ സുരേഷ്, സുരേഷ് കൃഷ്ണ, സ്ഫടികം ജോര്‍ജ്, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളത്തില്‍ വന്‍ വിജയങ്ങള്‍ സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ പുതിയ പ്രോജക്റ്റായതിനാല്‍ തന്നെ വളരെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. 140 ദിവസമാണ് സിനിമയുടെ ഷൂട്ടിംഗ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം. |