Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
Teens Corner
  Add your Comment comment
കേരളത്തിന്റെ തനത് ശാസ്ത്രീയ നൃത്തരൂപമായ മോഹിനിയാട്ടത്തിന് ബ്രിട്ടന്റെ മണ്ണില്‍ അഭിമാനകരമായ നേട്ടം സമ്മാനിച്ച് ഗീതാഞ്ജലി നൃത്തവിദ്യാലയം.
Text By: UK Malayalam Pathram
ഒക്ടോബര്‍ മൂന്നിന് ബര്‍മിങാമില്‍ നടന്ന പ്രൗഢഗംഭീരമായ അരങ്ങേറ്റ ചടങ്ങില്‍ 35 വിദ്യാര്‍ത്ഥികളാണ് അരങ്ങിലെത്തിയത്. യുകെയില്‍ ഇത്രയും വലിയൊരു സംഘം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മോഹിനിയാട്ട അരങ്ങേറ്റം നടത്തുന്നത് ഇതാദ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. ബ്രിട്ടനിലെ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു നാഴികക്കല്ലായി ഈ അരങ്ങേറ്റം മാറി.

മോഹിനിയാട്ടത്തിന്റെയും ഭരതനാട്യത്തിന്റെയും മനോഹാരിത നിറഞ്ഞുനിന്ന ചടങ്ങ് കലാസ്വാദകര്‍ക്കും രക്ഷിതാക്കള്‍ക്കും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിനും അവിസ്മരണീയമായ അനുഭവമായി. പരമ്പരാഗത വേഷവിധാനങ്ങളും താളലയഭംഗിയും ഭാവാഭിനയവും ഒത്തുചേര്‍ന്ന നൃത്താവതരണങ്ങള്‍ സദസ്സിന്റെ മനംകവര്‍ന്നു. നിരവധി കലാപ്രേമികളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തിന്റെ ആഘോഷം കൂടിയായി മാറി.

ഈ ചരിത്രനേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നര്‍ത്തകിയും നൃത്താധ്യാപികയുമായ രജിത നമ്പ്യാരാണ്. ഐടി മേഖലയില്‍ പ്രൊഫഷണലായി ജോലി ചെയ്യുന്നതിനൊപ്പം നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശവും അര്‍പ്പണബോധവും കൈമുതലാക്കിയാണ് രജിത തന്റെ കലാസപര്യ തുടരുന്നത്.

അഞ്ചാം വയസ്സില്‍ തൃശൂരില്‍ കലാമണ്ഡലം രംഗനായികയുടെ കീഴിലാണ് രജിത നൃത്തപഠനം ആരംഭിച്ചത്. പന്ത്രണ്ടാം വയസുമുതല്‍ പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി പല്ലവി കൃഷ്ണന്റെയും കേരള കലാമണ്ഡലത്തിലെ വകുപ്പ് മേധാവിയായ കലാമണ്ഡലം സംഗീത പ്രസാദിന്റെയും ശിക്ഷണത്തില്‍ നൃത്തപഠനം തുടര്‍ന്നു. കേരളത്തിന്റെ ശാസ്ത്രീയ നൃത്തപാരമ്പര്യത്തില്‍ ആഴത്തിലുള്ള പരിശീലനം നേടിയ രജിതയ്ക്ക് മോഹിനിയാട്ടം ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.

2017ല്‍ യുകെയിലേക്ക് കുടിയേറിയ രജിത 2019ല്‍ സ്വയം പരിശീലനത്തിലൂടെ നൃത്തജീവിതത്തിലേക്ക് വീണ്ടും സജീവമായി തിരിച്ചെത്തി. ബ്രിട്ടനിലെ വിവിധ വേദികളില്‍ നൃത്താവതരണങ്ങള്‍ നടത്തിയ രജിത 2024ല്‍ യുക്മയുടെ ചാമ്പ്യന്‍ഷിപ്പ് പുരസ്‌കാരവും സ്വന്തമാക്കി.

2023ല്‍ സ്വിന്‍ഡനിലെ ചെറിയൊരു കൂട്ടം വിദ്യാര്‍ത്ഥികളെ മോഹിനിയാട്ടം അഭ്യസിപ്പിച്ചുകൊണ്ടാണ് രജിത അധ്യാപനരംഗത്തേക്ക് കടന്നുവന്നത്. സ്വിന്‍ഡനില്‍ ആദ്യമായി മോഹിനിയാട്ട പരിശീലനം ആരംഭിച്ച അധ്യാപികയെന്ന പ്രത്യേകതയും രജിതയ്ക്കുണ്ട്. 2025ല്‍ ഗീതാഞ്ജലി നൃത്തവിദ്യാലയത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇന്ന് അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ഈ നൃത്തവിദ്യാലയത്തില്‍ പരിശീലനം നേടുന്നു.

വിദ്യാര്‍ത്ഥികളുടെ നൃത്തപരിശീലനം സ്വിന്‍ഡന്‍ ഹിന്ദു ക്ഷേത്രത്തിലാണ് നടക്കുന്നത്. കലാ-സാംസ്‌കാരിക താല്‍പര്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ഇത്തരം പരിശീലനങ്ങള്‍ക്ക് അവസരമൊരുക്കാനും സ്വിന്‍ഡന്‍ ഹിന്ദു ക്ഷേത്രം നല്‍കുന്ന പിന്തുണയും ഈ കലായാത്രയില്‍ ശ്രദ്ധേയമാണ്.

പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി ഗോപിക വര്‍മയുടെ ശിഷ്യയായ രജിത നിലവില്‍ ദാസ്യം, യുകെ യുകെയുടെയും ഭാഗമാണ്. സ്വന്തം കലാപരമായ വളര്‍ച്ചയ്ക്കൊപ്പം പുതുതലമുറയ്ക്ക് കേരളത്തിന്റെ തനത് നൃത്തപാരമ്പര്യം പകര്‍ന്നുനല്‍കുകയെന്ന ദൗത്യവും രജിത മുന്നോട്ടുകൊണ്ടുപോകുന്നു.
ചടങ്ങില്‍ വിശിഷ്ടാതിഥികളായി സ്വിന്‍ഡനിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ രണ്ട് പതിറ്റാണ്ടിലേറെയായി സജീവസാന്നിധ്യമായ രാം ത്യാഗരാജയും അരുണ രാം ത്യാഗരാജയും പങ്കെടുത്തു. സ്വിന്‍ഡന്‍ തമിഴ് അസോസിയേഷന്റെയും സ്വിന്‍ഡന്‍ ഹിന്ദു ക്ഷേത്രത്തിന്റെയും സ്ഥാപക അംഗങ്ങളായ ഇരുവരും പരമ്പരാഗത നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കലയും സംസ്‌കാരവും പുതുതലമുറയിലേക്ക് എത്തിക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളാണ് ഇരുവരും.

വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ പിന്തുണയും അധ്യാപികയുടെ സമര്‍പ്പണവും ഒത്തുചേര്‍ന്നപ്പോഴാണ് ഈ മഹത്തായ നേട്ടം യാഥാര്‍ഥ്യമായത്. കേരളത്തില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ വളരുന്ന പുതുതലമുറയ്ക്ക് സ്വന്തം നാടിന്റെ കലയും സംസ്‌കാരവും പകര്‍ന്നുനല്‍കുന്നതില്‍ ഗീതാഞ്ജലി നൃത്തവിദ്യാലയം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

തൃശൂരില്‍ അഞ്ചാം വയസില്‍ ആരംഭിച്ച ഒരു കൊച്ചുപെണ്‍കുട്ടിയുടെ നൃത്തയാത്ര, വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രിട്ടനിലെ വേദിയില്‍ 35 ശിഷ്യരുടെ അരങ്ങേറ്റത്തിലൂടെ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. ഒരു നര്‍ത്തകിയില്‍നിന്ന് നൃത്താധ്യാപികയിലേക്കും അവിടെനിന്ന് ഒരു വലിയ കലാകുടുംബത്തിന്റെ സാരഥിയിലേക്കുമുള്ള രജിതയുടെ വളര്‍ച്ച നിശ്ചയദാര്‍ഢ്യത്തിന്റെയും കലയോടുള്ള ആത്മസമര്‍പ്പണത്തിന്റെയും ഉദാഹരണമാണ്.

ഒരു നൃത്തപരിപാടി എന്നതിലുപരി, പ്രവാസമണ്ണില്‍ കേരളത്തിന്റെ കലാപൈതൃകം കാത്തുസൂക്ഷിക്കുന്നതിന്റെയും വരുംതലമുറകളിലേക്ക് പകര്‍ന്നുനല്‍കുന്നതിന്റെയും അഭിമാനകരമായ ആഘോഷമായി ബര്‍മിങ്ഹാമിലെ ഈ അരങ്ങേറ്റം മാറി. മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗി ബ്രിട്ടനിലെയും യൂറോപ്പിലെയും കൂടുതല്‍ വേദികളിലേക്ക് എത്തിക്കാനുള്ള ഗീതാഞ്ജലിയുടെ യാത്രയില്‍ ഈ ചരിത്രനിമിഷം പുതിയൊരു അധ്യായമായി മാറുകയാണ്.
 
Other News in this category

 
 




 
Close Window