|
നടന്‍ ധനുഷ് ഔദ്യോഗിക ഫാന്‍ ക്ലബിലെ 3,000-ത്തിലധികം വനിതാ അംഗങ്ങളെ കാണുന്നു. തമിഴ്നാട് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ മീറ്റിങ്. ധനുഷ് ഫാന്‍സ് ക്ലബ് ഔദ്യോഗികമായി 'ധനുഷ് നര്‍പ്പണി ഇയക്കം' (ധനുഷ് വെല്‍ഫെയര്‍ മൂവ്‌മെന്റ്) എന്ന് പുനര്‍നാമകരണം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം എന്നത് നടന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
43 കാരനായ താരം ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍ വെച്ച് ഫാന്‍ ക്ലബിന്റെ വനിതാ ഭാരവാഹികളെയും വളണ്ടിയര്‍മാരെയും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടന്റെ ചിത്രങ്ങള്‍ പതിച്ച ബാനറുകളും പോസ്റ്ററുകളും കൊണ്ട് വേദി അലങ്കരിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 14-ന് കോയമ്പത്തൂരില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഫാന്‍ ക്ലബിന്റെ പേരുമാറ്റം ഔദ്യോഗികമായി അംഗീകരിച്ചത്. കൈകള്‍ കൂപ്പി നില്‍ക്കുന്ന ധനുഷിന്റെ ചിത്രവും, ചുവന്ന നക്ഷത്രവും വട്ടത്തിലുള്ള ചുവപ്പും വെള്ളയും ബോര്‍ഡറുള്ളതുമായ പുതിയ ലോഗോയും സംഘടന പുറത്തിറക്കിയിട്ടുണ്ട്. |