Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 15th Oct 2026
 
 
Teens Corner
  Add your Comment comment
കേരളപ്പിറവി ആഘോഷത്തിന് ഒരുങ്ങി മലയാളി അസോസിയേഷന്‍ ഓഫ് യുണൈറ്റഡ് കിങ്ഡം
Text By: Sreejith Sreedharan
ഐക്യകേരളത്തിന്റെ രൂപീകരണത്തിന് എഴുപത് വര്‍ഷം തികയുന്ന ചരിത്രപ്രധാനമായ വേളയില്‍, പ്രവാസലോകത്തും വിപുലമായ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി മലയാളി അസോസിയേഷന്‍ ഓഫ് യുണൈറ്റഡ് കിങ്ഡം. വരുന്ന നവംബര്‍ ഒന്നിന് കേരളം ഔദ്യോഗികമായി എഴുപതാം പിറവി ആഘോഷിക്കുമ്പോള്‍, ലണ്ടനിലെ മലയാളികളും ഈ സുവര്‍ണ്ണ നാഴികക്കല്ല് വലിയ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.

'നമ്മുടെ വേരുകള്‍ കടലുകള്‍ താണ്ടിയെങ്കിലും, നമ്മുടെ സ്വത്വം ഒരിടത്തും മാറിമറിഞ്ഞിട്ടില്ല' എന്ന സന്ദേശവുമായി നവംബര്‍ ഒന്നിന് ഞായറാഴ്ച ലണ്ടനിലെ കേരള ഹൗസില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് പരിപാടികള്‍ നടക്കുക.

ഏഴ് പതിറ്റാണ്ടിന്റെ ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും അടയാളപ്പെടുത്തുന്ന ചടങ്ങില്‍ യുകെ മലയാളികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സംഗീതം, നൃത്തം, കവിത ആലാപനം തുടങ്ങിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകും.

ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്കായി ഗൂഗിളോ മറ്റ് സങ്കേതങ്ങളോ ഉപയോഗിക്കാതെ, മുതിര്‍ന്നവരില്‍ നിന്നും അറിവ് പകര്‍ന്നെടുക്കുന്ന 'കേരള ഡിസ്‌കവറി ക്വിസ്' മത്സരമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കുട്ടികളില്‍ നാടിന്റെ സംസ്‌കാരവും ചരിത്രവും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം, പ്രവാസികളുടെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്ന 'കമ്മ്യൂണിറ്റി സംഭാഷണങ്ങളും' ചടങ്ങിന്റെ ഭാഗമായി നടക്കും.

ചായസല്‍ക്കാരത്തോടും സൗഹൃദ സംഭാഷണങ്ങളോടും കൂടി അവസാനിക്കുന്ന ഈ ഒത്തുചേരല്‍ പ്രവാസികള്‍ക്ക് പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കാനുമുള്ള വേദിയായി മാറും.

ഈ ചരിത്രപരമായ ആഘോഷത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി എം.എ.യു.കെ ഭാരവാഹികള്‍ അറിയിച്ചു.

സ്ഥലത്തിന്റെ വിലാസം

Kerala House, 671 Romford Road, London E12 5AD
 
Other News in this category

 
 




 
Close Window