ലണ്ടന്‍: ബ്രിട്ടിഷ് പൗരന്മാര്‍ക്ക് ഇനി മുതല്‍ 30 ദിവസം വരെയുള്ള ചൈനീസ് സന്ദര്‍ശനത്തിന് വീസ ആവശ്യമില്ല. ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമെറും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നതടക്കമുള്ള വിശദാംശങ്ങള്‍ ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
ബ്രിട്ടനില്‍നിന്നുള്ള ഇറക്കുമതി ചുങ്കം നിലവിലുള്ള 10 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിലും ധാരണയായി.
വീസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യം ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനകരമാകും. ബ്രിട്ടിഷ് പൗരത്വമുള്ള മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഈ ഇളവ് ഗുണകരമാകും. 2024-ല്‍ 6.2 ലക്ഷം പേര്‍ ബ്രിട്ടനില്‍ നിന്നും ചൈനയിലേക്ക് യാത്ര ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങി 50 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നിലവില്‍ ലഭ്യമായ ഈ സൗകര്യത്തിലേക്ക് ബ്രിട്ടണും പുതുതായി ചേരുന്നു.
ഹോളിഡേ യാത്രയ്ക്കും ബിസിനസ് യാത്രയ്ക്കും ഈ തീരുമാനം വലിയ ഗുണകരമാകുമെന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമെര്‍ വ്യക്തമാക്കി.
ചെറിയബോട്ട് എന്‍ജിനുകളുടെ സപ്ലൈയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച കരാറും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒപ്പിട്ട പ്രധാനപ്പെട്ട ഉടമ്പടികളിലൊന്നാണ്. ഇംഗ്ലീഷ് ചാനല്‍ വഴി എത്തുന്ന അനധികൃത ബോട്ടുകളില്‍ 60 ശതമാനത്തിന്റെയും എന്‍ജിനുകള്‍ ചൈനീസ് നിര്‍മ്മിതമാണെന്ന് കണ്ടെത്തിയതിനാല്‍ മനുഷ്യക്കടത്ത് തടയാന്‍ ബ്രിട്ടീഷ്-ചൈനീസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമായത്