ലണ്ടന്‍: ഡ്രൈവറുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന റോബോടാക്‌സികള്‍ ഈ വര്‍ഷം സെപ്റ്റംബറോടെ ലണ്ടനില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അമേരിക്കന്‍ കമ്പനിയായ വേമോ അറിയിച്ചു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് വേമോ. യുകെയിലെ സ്വയം നിയന്ത്രിത വാഹന നിയമങ്ങളില്‍ 2026 രണ്ടാം പകുതിയോടെ മാറ്റം വരുത്തുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
ഏപ്രില്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ റോഡുകളുടെ മാപ്പിങ്ങിനായി സുരക്ഷാ ഡ്രൈവര്‍മാരുണ്ടെങ്കിലും, ഔദ്യോഗിക സര്‍വീസ് തുടങ്ങുമ്പോള്‍ സ്റ്റിയറിങ്ങിന് പിന്നില്‍ മനുഷ്യര്‍ ഉണ്ടാവില്ല. ലിഡാര്‍, റഡാര്‍, വിഷന്‍ ക്യാമറകള്‍, മൈക്രോഫോണ്‍ എന്നീ നാല് തരം സെന്‍സറുകള്‍ ഉപയോഗിച്ച് വാഹനം വിവരങ്ങള്‍ ശേഖരിക്കും. ഇതിലൂടെ 360 ഡിഗ്രി കാഴ്ചയും മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങള്‍ വരെയുള്ള ദൂരക്കാഴ്ചയും ലഭ്യമാകും. പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ജാഗ്വാറുമായാണ് വേമോ സഹകരിക്കുന്നത്. ഊബര്‍, ലിഫ്റ്റ്, ചൈനീസ് കമ്പനിയായ ബൈഡു എന്നിവയും ഉടന്‍ തന്നെ ലണ്ടനില്‍ ഇത്തരം സര്‍വീസുകള്‍ തുടങ്ങും.
റോബോടാക്‌സികള്‍ നഗരങ്ങളിലെ റോഡ് സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ലിലിയന്‍ ഗ്രീന്‍വുഡ് പറഞ്ഞു. മനുഷ്യ ഡ്രൈവര്‍മാരെപ്പോലെ ക്ഷീണം, ശ്രദ്ധാഭ്രംശം, ലഹരി ഉപയോഗം എന്നിവയില്ലാത്തതിനാല്‍ സുരക്ഷിതമായ യാത്ര സാധ്യമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹാക്കിങ്, സൈബര്‍ ഭീഷണി എന്നിവയില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കിയ ശേഷമേ പൂര്‍ണ്ണ അനുമതി നല്‍കൂ.
2035-ഓടെ ഈ മേഖല യുകെ സമ്പദ്വ്യവസ്ഥയിലേക്ക് 42 ബില്യന്‍ പൗണ്ട് അധികമായി നല്‍കുമെന്നും 40,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവണ്‍മെന്റ് കണക്കാക്കുന്നു. യാത്രക്കാര്‍ക്ക് ഒരു ആപ്പ് വഴി ടാക്‌സികള്‍ ബുക്ക് ചെയ്യാം. തുടക്കത്തില്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ലഭ്യമാകില്ല.
അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ, ലോസാഞ്ചലസ് നഗരങ്ങളില്‍ വേമോയുടെ 1,700-ഓളം റോബോടാക്‌സികള്‍ നിലവില്‍ ഓടുന്നുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വാഹനങ്ങള്‍ തകരാറിലാകുന്നത് യാത്രക്കാര്‍ കാറിനുള്ളില്‍ കുടുങ്ങുന്നതിനും ട്രാഫിക് തടസ്സങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്