Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.9256 INR  1 EURO=107.3998 INR
ukmalayalampathram.com
Wed 18th Feb 2026
 
 
UK Special
  Add your Comment comment
യുകെയിലെ സര്‍വകലാശാലകള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ നിയമയുദ്ധം
reporter

ലണ്ടന്‍: കോവിഡ് കാലത്ത് മുടങ്ങിയ ക്ലാസുകള്‍ക്കും നേരിട്ട അസൗകര്യങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുകെയിലെ 36 സര്‍വകലാശാലകള്‍ക്കെതിരെ 1,70,000-ത്തിലധികം വിദ്യാര്‍ഥികള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. 'യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍' വിദ്യാര്‍ഥികളുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയതിനെത്തുടര്‍ന്ന് മറ്റു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വിദ്യാര്‍ഥികള്‍ നല്‍കുന്ന വാദം വ്യക്തമാണ്: വിദ്യാഭ്യാസം അവകാശമാണ്, അതിനായി ലക്ഷക്കണക്കിന് രൂപ ട്യൂഷന്‍ ഫീസ് നല്‍കുമ്പോള്‍ വാഗ്ദാനം ചെയ്ത നിലവാരമുള്ള പഠനം ഉറപ്പുവരുത്തേണ്ടത് സര്‍വകലാശാലകളുടെ ബാധ്യതയാണ്. ''പഞ്ചനക്ഷത്ര ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കാന്‍ പണം നല്‍കിയ ശേഷം ലഭിക്കുന്നത് ലോഡ്ജിലെ സൗകര്യമാണെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്'' എന്ന ഇംഗ്ലീഷ് നിയമത്തിലെ ലളിതമായ സിദ്ധാന്തം ഇവിടെയും ബാധകമാണെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ ഷിമോണ്‍ ഗോള്‍ഡ് വാട്ടര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നേരിട്ടുള്ള ക്ലാസുകളെ അപേക്ഷിച്ച് മൂല്യം കുറവാണെന്നും, ലൈബ്രറി, ലാബ്, സ്റ്റുഡിയോ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പ്രത്യേകിച്ച് മെഡിക്കല്‍, എന്‍ജിനീയറിങ്, ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ക്ക് മാസങ്ങളോളം പ്രായോഗിക പരിശീലനം നഷ്ടപ്പെട്ടത് അവരുടെ തൊഴില്‍ നൈപുണ്യത്തെയും ആത്മവിശ്വാസത്തെയും ബാധിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് ഹോസ്റ്റല്‍ മുറികളില്‍ ഒറ്റപ്പെട്ടുപോയ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം തകര്‍ന്നതായും ആവശ്യമായ പിന്തുണ സര്‍വകലാശാലകള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ അധ്യാപക പരിശീലനം നേടിയ ജോര്‍ജിയയുടെ അനുഭവം ഇതിന് ഉദാഹരണമാണ്. സൂം വഴി ലഭിച്ച പരിശീലനം കാരണം ക്ലാസ് മുറികളില്‍ പഠിപ്പിക്കാന്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടതായും, അതിനാല്‍ ടീച്ചര്‍ ആയി ജോലി ചെയ്യേണ്ട താന്‍ കുറഞ്ഞ ശമ്പളത്തില്‍ ടീച്ചിങ് അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

നിയമനടപടി നേരിടുന്ന പ്രമുഖ സര്‍വകലാശാലകള്‍

- ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (LSE)

- കിങ്‌സ് കോളേജ് ലണ്ടന്‍ (KCL)

- ഇംപീരിയല്‍ കോളേജ് ലണ്ടന്‍

- മാഞ്ചസ്റ്റര്‍ സര്‍വകലാശാല

- ബ്രിസ്റ്റോള്‍, ബര്‍മിങ്ങാം, ലീഡ്‌സ്, ലിവര്‍പൂള്‍ സര്‍വകലാശാലകള്‍

- യൂണിവേഴ്‌സിറ്റി ഓഫ് ദി ആര്‍ട്‌സ് ലണ്ടന്‍

എന്നാല്‍ സര്‍വകലാശാലകളെ പ്രതിനിധീകരിക്കുന്ന 'യൂണിവേഴ്‌സിറ്റീസ് യുകെ' വിദ്യാര്‍ഥികളുടെ ആരോപണങ്ങളെ തള്ളി. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് ഓണ്‍ലൈനായി അധ്യായനം തുടര്‍ന്നത് പഠനം മുടങ്ങാതിരിക്കാനാണെന്നും അവര്‍ വ്യക്തമാക്കി.

ബ്രിട്ടനില്‍ ഉന്നതപഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ഥികളില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ 36 സര്‍വകലാശാലകളില്‍ പഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടിയിലധികം ഫീസാണ് (പ്രതിവര്‍ഷം ഏകദേശം 20-40 ലക്ഷം രൂപ വരെ) വിദേശ വിദ്യാര്‍ഥികള്‍ നല്‍കുന്നത്.

കോവിഡ് കാലത്തെ അധ്യയനവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാനുള്ള അവസാന തീയതി 2026 സെപ്റ്റംബര്‍ വരെയാണ്. 2019-2022 കാലയളവില്‍ പഠിച്ചവര്‍ക്ക് ഈ ഗ്രൂപ്പ് ക്ലെയിമില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. അധ്യാപകര്‍ നടത്തിയ പെന്‍ഷന്‍/ശമ്പള സമരങ്ങള്‍ മൂലം മുടങ്ങിയ ക്ലാസുകളും നഷ്ടപരിഹാര കേസിന്റെ പരിധിയില്‍ വരും.

വിദ്യാര്‍ഥികള്‍ വിജയിക്കുകയാണെങ്കില്‍, ബ്രിട്ടീഷ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയായിരിക്കും ഇത്. കോടിക്കണക്കിന് പൗണ്ട് നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്നത് സര്‍വകലാശാലകളുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചേക്കും

 
Other News in this category

 
 




 
Close Window