ബര്‍ലിന്‍: ലണ്ടനില്‍ നിന്ന് സ്‌പെയിനിലെ മലാഗയിലേക്ക് പോകേണ്ടിയിരുന്ന ഈസിജെറ്റ് (U27008) വിമാനത്തില്‍ അപൂര്‍വമായ സംഭവം. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഭാരം അനുവദനീയമായ പരിധി കവിയുന്നതായി പൈലറ്റ് അറിയിച്ചു. ലണ്ടന്‍ സൗത്തെന്‍ഡ് വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറവായതും അന്നത്തെ കാലാവസ്ഥയും കാരണം അധികഭാരം വിമാനത്തിന് വഹിക്കാന്‍ സാധിക്കില്ലായിരുന്നു. ആരെങ്കിലും സ്വമേധയാ ഇറങ്ങാന്‍ തയ്യാറായില്ലെങ്കില്‍ എല്ലാ യാത്രക്കാരുടെയും ലഗേജുകള്‍ ഒഴിവാക്കേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഒടുവില്‍ അഞ്ച് യാത്രക്കാര്‍ ഇറങ്ങാന്‍ സമ്മതിച്ചതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. വിമാനത്തില്‍ പത്ത് സീറ്റുകള്‍ ഒഴിവുണ്ടായിരുന്നിട്ടും ഭാരക്കൂടുതല്‍ കാരണം യാത്രക്കാരെ ഒഴിവാക്കേണ്ടിവന്നത് ശ്രദ്ധേയമായി. ഇറങ്ങിക്കൊടുത്ത യാത്രക്കാരെ മറ്റൊരു വിമാനത്താവളത്തിലേക്ക് മാറ്റി അവിടെ നിന്ന് മലാഗയിലേക്ക് പോകാന്‍ സൗകര്യം ഒരുക്കി. കൂടാതെ 200 മുതല്‍ 400 യൂറോ വരെ നഷ്ടപരിഹാരവും നല്‍കി. മറ്റ് യാത്രക്കാരുടെ കൈയടികളോടെയാണ് ഇവരെ യാത്രയാക്കിയത്. വിമാനം 20 മിനിറ്റ് വൈകിയാണ് അന്ന് പുറപ്പെട്ടത്.