ലണ്ടന്‍: ഇംഗ്ലണ്ടിലെ വിവിധ പ്രാദേശിക കൗണ്‍സിലുകളില്‍ മേയ് 7ന് തിരഞ്ഞെടുപ്പ് നടക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം ഇന്ന് അര്‍ധരാത്രി 12 വരെ മാത്രമാണ്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫിസുകളിലൂടെയും രജിസ്‌ട്രേഷന്‍ നടത്താം. സമയപരിധി കഴിഞ്ഞാല്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല.
ഏകദേശം 136 കൗണ്‍സിലുകളിലായി 5,000ഓളം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കൗണ്ടി കൗണ്‍സിലുകള്‍ക്കൊപ്പം ജില്ല, ബറോ, യൂണിറ്ററി അതോറിറ്റികള്‍ എന്നിവയും ഉള്‍പ്പെടും. കൂടാതെ ആറു മേയര്‍ തിരഞ്ഞെടുപ്പുകളും നടക്കും. പ്രധാനമായും ലണ്ടനിലെ ക്രോയിഡണ്‍, ഹാക്ക്‌നി, ലൂവിസം, ന്യൂഹാം, ടവര്‍ ഹാംലെറ്റ്‌സ് എന്നീ ബറോകളിലും വാട്ട്‌ഫോര്‍ഡിലും മേയര്‍ തിരഞ്ഞെടുപ്പ് നടക്കും. അതോടൊപ്പം സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളും നടക്കും. വെയില്‍സില്‍ പുതിയ ഡി'ഹോണ്ട് അനുപാത പ്രതിനിധിത്വ സംവിധാനത്തിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക. ഓരോ നിയോജകമണ്ഡലത്തിലും ആറു അംഗങ്ങളെ വീതം തിരഞ്ഞെടുക്കും.