ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം ഇനി നിയമപരമായി നിര്‍ബന്ധിതമാക്കുമെന്ന് ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുന്‍ നിലപാട് തിരുത്തിയാണ് ലേബര്‍ ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്. ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‌സ് ബില്‍ ഭേദഗതി വഴിയാണ് നിരോധനം നടപ്പാക്കുന്നത്. സ്‌കൂള്‍ ദിനം മുഴുവന്‍ ഫോണ്‍ രഹിതമായിരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ഹെഡ് ടീച്ചര്‍മാര്‍ക്ക് കത്തയച്ചിരുന്നു.
മുന്‍പ് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഫോണ്‍ നിരോധനം നിര്‍ബന്ധമായിരുന്നില്ല. ഇത് നിര്‍ബന്ധമാക്കണമെന്ന് ടീച്ചിംഗ് യൂണിയന്‍ NASUWT ആവശ്യപ്പെട്ടിരുന്നു. ഹെഡ് ടീച്ചര്‍മാര്‍ പങ്കുവെച്ച ആശങ്കകള്‍ കേട്ട ശേഷമാണ് നടപടി വന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സ്മിത്ത് ഓഫ് മാല്‍വേണ്‍ വ്യക്തമാക്കി. ബുധനാഴ്ച എംപിമാര്‍ വിഷയത്തില്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. നിയമപരമായ നിരോധനം സ്‌കൂള്‍ മേധാവികള്‍ക്ക് വ്യക്തത നല്‍കുമെന്ന് ഹെഡ് ടീച്ചേഴ്‌സ് യൂണിയന്‍ NAHT പ്രതികരിച്ചു.