ഇന്ത്യയിലെ ഗ്രാമങ്ങളിലെ മനുഷ്യരുടെ ആതിഥ്യമര്യാദ ലോകമെമ്പാടും പ്രശസ്തമാണ്. 'അതിഥി ദേവോ ഭവ' എന്ന ആശയം ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നവരാണ് പല ഇന്ത്യക്കാരും. പരിചയക്കാരാകണമെന്നില്ല, അന്യരെപ്പോലും വീട്ടിലേക്ക് ക്ഷണിച്ച് ആദരവോടെ സ്വീകരിക്കുന്ന മനോഹരമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ബ്രിട്ടണില്‍ നിന്നെത്തിയ ഡങ്കന്‍ ഇവാന്‍സ് എന്ന യുവാവ്.
ഒരു ഗ്രാമത്തിലൂടെ വയലുകള്‍ക്കിടയിലൂടെ സൈക്കിള്‍ ചവിട്ടി പോകുന്നതിനിടെ, ഗ്രാമവാസിയായ ഒരാള്‍ ഇവാന്‍സിനെ തടഞ്ഞു നിര്‍ത്തി. കനത്ത ചൂടില്‍ അങ്ങനെ പോകാതെ, ഒരു ഗ്ലാസ് മോര് കുടിച്ചിട്ട് പോകാമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. വീഡിയോയില്‍ ഇവാന്‍സ് പറയുന്നു: ''ഇപ്പോഴോ, ഇപ്പോള്‍ തന്നെ പോയേക്കാം. ഞാന്‍ അല്പം മോര് കുടിക്കാന്‍ പോവുകയാണ്.''
ഗ്രാമവാസിയുടെ വീട്ടില്‍ എത്തി, നിറഞ്ഞ കപ്പില്‍ നല്കിയ മോര് കുടിക്കുന്ന ഇവാന്‍സിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. നന്ദി പറഞ്ഞ്, വീണ്ടും കാണാമെന്നു പറഞ്ഞാണ് യുവാവ് മടങ്ങിയത്. ''ഇന്ത്യയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ ഏറ്റവും ദയാലുവായ ആ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടി'' എന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
മോര് രുചികരമാണെന്നും ഇന്ത്യയിലെ ഗ്രാമങ്ങളിലെ ആതിഥ്യമര്യാദ നേരിട്ട് അനുഭവിച്ച നിമിഷമാണിതെന്നും ഇവാന്‍സ് കൂട്ടിച്ചേര്‍ത്തു. 9.2 മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ച് പലരും ഓര്‍മ്മിപ്പിക്കുകയും, ഈ ചൂടുകാലത്ത് കുടിക്കാന്‍ നല്കാന് മോരിലും നല്ല ഓപ്ഷനില്ലെന്നും അഭിപ്രായപ്പെടുകയും ചെയ്തു.