ലണ്ടന്‍: മാര്‍ച്ച് മാസത്തില്‍ യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.3 ശതമാനമായി ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ (ONS) വ്യക്തമാക്കുന്നു. ഇറാനിലെ യുഎസ്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ധന മേഖലയില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ ഡീസല്‍ വില ലിറ്ററിന് 17.6 പെന്‍സ് വര്‍ധിച്ചു. വിമാന ടിക്കറ്റുകളും ഭക്ഷ്യവിലകളും കൂടിയതോടെ പണപ്പെരുപ്പം കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു.
''നമ്മുടേതല്ലാത്ത ഇറാന് യുദ്ധമാണ് ബില്ലുകള്‍ വര്‍ധിപ്പിക്കുന്നത്,'' എന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രതികരിച്ചു. എനര്‍ജി ബില്ലുകളില്‍ 117 പൗണ്ട് കുറയ്ക്കല്‍, റെയില്‍ നിരക്ക് മരവിപ്പിക്കല്‍, ഇന്ധന ഡ്യൂട്ടി ഫ്രീസിംഗ് എന്നിവ വഴി പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പണപ്പെരുപ്പം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പലിശ നിരക്ക് നിലവില്‍ 3.75 ശതമാനത്തിലാണ്, അടുത്ത ആഴ്ച നടക്കുന്ന യോഗത്തില്‍ നിരക്ക് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമായി കുറഞ്ഞു. ഫെബ്രുവരി വരെ മൂന്ന് മാസങ്ങളിലുണ്ടായ ഇടിവാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.