ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി ഇവന്റുകളില്‍ ഒന്നായ ലണ്ടന്‍ മാരത്തണ്‍ ഇത്തവണ സമാഹരിച്ച തുകയും പങ്കെടുത്തവരുടെ എണ്ണവും കൊണ്ട് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഈ വര്‍ഷം മാരത്തണിലൂടെ 87.5 മില്യണ്‍ പൗണ്ടാണ് സമാഹരിച്ചത്. സെപ്റ്റംബറില്‍ വിശദമായ കണക്കുകള്‍ പുറത്തുവന്നാല്‍ ഇത് 90 മില്യണ്‍ പൗണ്ടിനു മുകളിലെത്തുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാരത്തണിലൂടെ ആകെ സമാഹരിച്ചത് 87.3 മില്യണ്‍ പൗണ്ടായിരുന്നു. ഇതിനെ മറികടന്നാണ് ഇത്തവണ പുതിയ നേട്ടം കൈവരിച്ചത്. ജനപങ്കാളിത്തത്തിലും ഇത്തവണ മാരത്തണ്‍ ശ്രദ്ധേയമായി. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ 59,830 പേര്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇതോടെ പങ്കാളിത്തത്തിലും പുതിയ റെക്കോര്‍ഡ് സ്ഥാപിക്കപ്പെട്ടു.