ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ സമ്പത്തായ മാനവവിഭവശേഷിയില്‍ ബ്രിട്ടന്‍ വരുംകാലങ്ങളില്‍ പിന്നിലാകുമെന്നതാണ് പുതിയ പഠന റിപ്പോര്‍ട്ടിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇപ്പോള്‍ ജനിക്കുന്നവരേക്കാള്‍ കൂടുതലാണ് മരിക്കുന്നവരുടെ എണ്ണം. ഈ പ്രവണത തുടര്‍ന്നാല്‍ ജനസംഖ്യാവര്‍ധനവില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രാജ്യം മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 2034 ആകുമ്പോള്‍ ബ്രിട്ടന്റെ ജനസംഖ്യ 71 മില്യന്‍ മാത്രമായിരിക്കും. 2024 മുതല്‍ 2034 വരെയുള്ള കാലയളവില്‍ 6.4 മില്യന്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ 6.9 മില്യന്‍ പേര്‍ മരിക്കും. അതേസമയം 7.3 മില്യന്‍ പേര്‍ രാജ്യത്തേക്ക് കുടിയേറുമ്പോള്‍ 5.1 മില്യന്‍ പേര്‍ സ്ഥിരമായി വിദേശത്തേക്ക് താമസം മാറും.
കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കുറയുകയും പെന്‍ഷന്‍ക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന ജനസംഖ്യാ ഘടന സര്‍ക്കാര്‍ ആശങ്കയോടെ നോക്കിക്കാണുന്നു. പെന്‍ഷനും ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിനുമുള്ള ചെലവ് വര്‍ധിക്കുന്നതും വര്‍ക്ക്ഫോഴ്‌സിന്റെ ലഭ്യത കുറയുന്നതും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ ആഘാതമാകുമെന്നാണ് മുന്നറിയിപ്പ്.